
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ വികസന പ്രവർത്തനങ്ങളുടെ പേരിൽ കടുത്ത ജനദ്രോഹം.
നിരവധിപേർ ദിനംപ്രതി വന്നുപോകുന്ന ഇവിടെ വാഹന പാർക്കിംഗ് സൗകര്യമാകട്ടെ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും മാത്രം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്കിംഗിനിടമില്ലാതെ വട്ടം കറങ്ങുകയാണ്. മുൻപുണ്ടായിരുന്ന പാർക്കിങ്ങ് ഏരിയ അടച്ച് കെട്ടിയ നിലയിലാണ്. ആളുകളാകട്ടെ രോഗികളെ ആശുപത്രിയിലിറക്കി സംസ്ഥാന പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിടാറാണ് പതിവ്.
പാർക്കിങ്ങിന് സംസ്ഥാന പാതയോരം ഉപയോഗിക്കരുതെന്നാണ് നഗരസഭയുടെ വാദം.നോ പാർക്കിങ്ങ് ബോർഡുംസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് തൊട്ടു സമീപം ഓട്ടോറിക്ഷ സ്റ്റാൻഡാണെന്ന കാര്യം അധികൃതർ ബോധപൂർവ്വം വിസ്മരിക്കുകയാണ്. മറ്റൊരു മാർഗ്ഗവുമില്ലാതെ നോ പാർക്കിംഗ് ബോർഡിന് സമീപം വാഹനങ്ങൾ നിറുത്തിയിടുകയാണ് രോഗികളുമായെത്തുന്നവർ. (തുടരും)
പുതിയ കെട്ടിടം യാഥാർത്ഥ്യമായാൽ
ജില്ലാ ആശുപത്രിയുടെ വികസന മുന്നേറ്റത്തിൽ പുതിയ ഒ.പി.കെട്ടിടം യാഥാർത്ഥ്യമായാൽ പാർക്കിംഗിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാർക്കിങ്ങോടു കൂടിയുള്ളതാണ് കെട്ടിടം.1.52 കോടി രൂപയാണ് ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലക്കുമായി ചെലവഴിച്ചത്. വാപ്കോസിനാണ് ചുമതല. ഏഴ് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് തീരുമാനമെ ടുത്തിരുന്നതെങ്കിലും പ്രവർത്തനങ്ങൾ 2 വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 22ന് ഉത്സവനിറവിൽ കെട്ടിട ഉദ്ഘാടനവും നടത്തി.
അപകടക്കെണി
സംസ്ഥാന പാതയോരത്തെ വാഹന പാർക്കിംഗ് മൂലം അപകടങ്ങൾ പതിവാണ്. വീതി കുറഞ്ഞ സ്ഥലത്താണ് പാർക്കിംഗ് എന്നാതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.
ഒ.പി ബ്ലോക്കിന്റെ അടിഭാഗം പാർക്കിങ്ങിനായി തുറന്ന് കൊടുക്കണം. രോഗികളുമായെത്തുന്നവർ പാർക്കിംഗ് തേടി അലയേണ്ട സ്ഥിതിയാണ്.
വി.ആർ.ശ്രീകാന്ത് ( ഓട്ടോ ഡ്രൈവർ -വടക്കാഞ്ചേരി )
പടം - വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് മുന്നിൽ സംസ്ഥാന പാതയോരത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ. പടം: വി.ആർ. ശ്രീകാന്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |