കന്യാകുമാരി: കന്യാകുമാരിയിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതലയെ പിടികൂടി. തീർപ്പിന് സമീപമുള്ള കോതയാറിൽ വച്ചാണ് 300 കിലോയോളം ഭാരമുള്ള മുതലയെ പിടികൂടിയത്. വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. കോതയാറ്റിൽ ഏഴ് മാസങ്ങൾക്ക് മുമ്പാണ് മുതലയുടെ സാന്നിദ്ധ്യം പ്രദേശവാസികൾ തിരിച്ചറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുതലയെ പിടികൂടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഉപയോഗിച്ച് കെണി ഒരുക്കിയെങ്കിലും മുതല പിടികൊടുത്തില്ല. തുടർന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളിൽ വലകൾ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന് രാവിലെയോടെ നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് മുതലയെ കാണാനായി വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. മുതലയ്ക്ക് 300 കിലോയോളം തൂക്കമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ കരയ്‌ക്കെത്തിച്ചു.
അതേസമയം, ആറു വർഷം മുൻപ് ഈ മുതല ചെറുതായിരുന്നപ്പോൾ തന്നെ പലയിടത്തും കണ്ടതായി നാട്ടുകാർ ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടിരുന്നു. എന്നാൽ അത് വ്യാജമാണെന്ന് പറഞ്ഞ് വനംവകുപ്പ് അവഗണിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. പിടികൂടിയ മുതലയെ എങ്ങോട്ട് മാറ്റുമെന്ന കാര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |