
തിരഞ്ഞെടുപ്പ് കമ്മിഷണർക്കും നോട്ടീസ്
ന്യൂഡൽഹി: വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ, തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.എസ് സന്ധു, സി.പി.എം നേതാവും രാജ്യസഭാ എം.പിയുമായ ജോൺബ്രിട്ടാസിന്റെ കുടുംബം അടക്കം നിരവധി പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഡൽഹിയിൽ വോട്ടർപ്പട്ടികാ പരിഷ്കരണ നടപടികളുടെ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർക്കും നോട്ടീസ് ലഭിച്ചിരുന്നു.
നിലവിലെ വോട്ടർപട്ടികയിലെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറിനും ഭാര്യ ക്യോക്കോ എസ് ജയ്ശങ്കറിനും നോട്ടീസ് ലഭിച്ചത്. ആംആദ്‌മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദ്, ഭാര്യ വനിതാ സൂദ്, അമ്മ കമലേഷ് സൂദ്, മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ഭാര്യ സുനിത ദ്വിവേദി, മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായി തുടങ്ങിയവരും നോട്ടീസ് ലഭിച്ച പ്രമുഖരിൽപ്പെടുന്നു.
മന്ത്രി ജയശങ്കറും ഭാര്യയും നൽകിയ വിവരങ്ങൾ മുൻ എസ്.ഐ.ആർ പരിഷ്കരണ പട്ടികയുമായി പൊരുത്തപ്പെടാത്തതാണ് കാരണം. പേരിലും കുടുംബ വിവരങ്ങളിലുമുള്ള പൊരുത്തക്കേടുകളാണ് പലർക്കും പ്രശ്‌നമായത്. ജോൺ ബ്രിട്ടാസിന്റെ ഭാര്യ ഷേബ ബ്രിട്ടാസിന് പേരിലെ പൊരുത്തക്കേടും മകൻ ആനന്ദ് ബ്രിട്ടാസിന് മാതാപിതാക്കളുടെ പേരിലെ പൊരുത്തക്കേടുമാണ് നോട്ടീസിൽ പറയുന്നത്. ഇരുവരും ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരാണ്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ, പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്ര ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ, ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, ഭാര്യയും മുൻ സൈനിക ക്ഷേമ സെക്രട്ടറിയുമായ സുകൃതി ലിഖി, വളം സെക്രട്ടറി രജത് കുമാർ മിശ്ര, ലാൻഡ് റിസോഴ്‌സസ് സെക്രട്ടറി നരേന്ദ്ര ഭൂഷൺ തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥരും നോട്ടീസ് ലഭിച്ചവരിൽപ്പെടുന്നു.
നോട്ടീസ് ലഭിച്ചവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് കരുതേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |