
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ബി.ജെ.പിയുടെ 27,000 വോട്ടുകൾ വീതം കുറയ്‌ക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
ഓരോ നിയമസഭാ മണ്ഡലത്തിലും സമാജ്‌വാദി പാർട്ടിക്ക് 27,000 വീതം പാർട്ടി വോട്ടുകൾ വർദ്ധിപ്പിക്കാനും അത്രയും ബി.ജെ.പി വോട്ടുകൾ കുറയ്‌ക്കാനും തീരുമാനിച്ചെന്ന് ലഖ്‌നൗവിൽ റാലിയിൽ അദ്ദേഹം പറഞ്ഞു. പാർട്ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളിലേക്കെത്തും. വീടുകളിലെത്തി ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും മനസ്സിലാക്കും. സംസ്ഥാനത്തെ യുവാക്കൾ തൊഴിലില്ലായ്‌മ അനുഭവിക്കുന്നു. അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സർക്കാർ ജോലികൾ ലഭിക്കാത്ത രാജ്യത്ത് ഏറ്റവും കൂടുതൽ പേപ്പർ ചോർച്ച യു.പിയിലാണ്. നിക്ഷേപങ്ങളും വ്യവസായങ്ങളുമില്ല. ഏറ്റെടുത്ത കർഷക ഭൂമിക്ക് നഷ്‌ടപരിഹാരം നൽകിയില്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
സമാജ്‌വാദി പാർട്ടി ജനങ്ങളെ, പ്രത്യേകിച്ച് ദളിതരെ വ്യാജ റീലുകൾ കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ഉത്തർപ്രദേശ് മന്ത്രി അനിൽ രാജ്ഭർ പറഞ്ഞു. അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |