SignIn
Kerala Kaumudi Online
Monday, 12 October 2026 1.10 AM IST

'നാട്ടിലേക്ക് പോകുന്നില്ല',​ മുത്തശ്ശിയുടെ മരണവാർത്ത കേട്ട് തലകുനിച്ച് ദിപ്‌കെ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്‌

abhijeet-dipke-with-cop
വനിതാ പൊലീസ് ഉദ്യോഗസ്ഥ ദിപ്‌കെയെ സമീപിച്ച് മുത്തശ്ശിയുടെ മരണവാർത്ത അറിയിക്കുന്നു.

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവാർത്ത അറിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് എത്തിയ ദിപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണവാർത്ത അറിയിച്ചിട്ടും അദ്ദേഹത്തെ ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണത്തിന് മറുപടിയായാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥ ദിപ്‌കെയെ സമീപിച്ച് മുത്തശ്ശിയുടെ മരണവാർത്ത അറിയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'സർ, ഒരു വിവരം അറിയിക്കാനുണ്ട്. വളരെ ദുഃഖകരമായ വാർത്തയാണ്. നിങ്ങളുടെ മുത്തശ്ശി മരിച്ചു. ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്,' എന്ന് ഉദ്യോഗസ്ഥ പറയുന്നത് കേൾക്കാം. വാർത്ത കേട്ട ദിപ്‌കെ തലകുനിച്ച് കൈകൾ തലയിലമർത്തി ഇരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം 'മനസിലായി' എന്ന അർത്ഥത്തിൽ പ്രതികരിച്ചു. മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകണമെങ്കിൽ ആവശ്യമായ യാത്രാസൗകര്യം ഒരുക്കാമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിക്കുകയും ചെയ്‌തു.

എന്നാൽ താൻ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു ദിപ്‌കെയുടെ മറുപടി. നാട്ടിലേക്ക് പോകാൻ ആഗ്രഹമില്ലേയെന്ന് ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചപ്പോഴും അതേ മറുപടി ആവർത്തിച്ചു. ബന്ധുക്കളിൽ ആരെയെങ്കിലും ഫോണിൽ ബന്ധപ്പെടാൻ സഹായിക്കാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആരുടെയും ഫോൺ നമ്പർ ഓർമയില്ലെന്ന് ദിപ്‌കെ പ്രതികരിച്ചു. സംസ്‌കാരം അടുത്ത ദിവസമായിരിക്കുമെന്ന് അറിയിച്ചപ്പോൾ പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞതായി വീഡിയോയിൽ കാണാം.

അതേസമയം,​ ദിപ്‌കെയെ ഇന്ന് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചിരുന്നു. തുടർന്ന് മുത്തശ്ശിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. മരണവാർത്ത അറിയിച്ചപ്പോൾ പൊലീസ് മാനുഷികമായാണ് പെരുമാറിയതെന്നും നാട്ടിലേക്ക് പോകാൻ യാത്രാസൗകര്യം വാഗ്ദാനം ചെയ്തിട്ടും ദിപ്‌കെ നിരസിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ബന്ധുവുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് ദിപ്‌കെ രംഗത്തെത്തി.

മുത്തശ്ശിക്കൊപ്പം താമസിക്കുന്ന കസിനുമായി സംസാരിക്കാൻ അനുമതി തേടിയിരുന്നുവെന്ന് ദിപ്‌കെ എക്സിൽ കുറിച്ചു. കസിന്റെ നമ്പർ എടുക്കാനായി ഏതാനും മിനിറ്റ് സ്വന്തം ഫോൺ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ലെന്നാണ് ആരോപണം. അഭിഭാഷകനുമായി സംസാരിക്കാനുള്ള ആവശ്യവും നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. പിതാവിനെ പുലർച്ചെ 3.30ന് വിളിച്ച് താൻ ദീർഘകാലം ജയിലിൽ കഴിയേണ്ടിവരുമെന്ന് അറിയിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും ദിപ്‌കെ ആരോപിച്ചു. കുടുംബം നേരിട്ട ദുഃഖത്തിനുപുറമേ കൂടുതൽ മാനസികപ്രയാസങ്ങൾ സൃഷ്ടിക്കാനാണോ പൊലീസിന്റെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു.

ജന്തർ മന്ദറിൽ പ്രതിഷേധം നയിക്കാനെത്തിയ ദിപ്‌കെയെയും അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും ശനിയാഴ്ച ഡൽഹിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ ഇവരെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ 7000ത്തോളം പേരെ ഡൽഹി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് എല്ലാവരെയും വിട്ടയച്ചു. പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Delhi Police released a video showing CJP founder Abhijeet Dipke being informed of his grandmother's death while detained during a protest at Jantar Mantar. Police claimed they offered him travel for the funeral and assistance contacting relatives, which he initially declined. Dipke, later released, alleged police denied his requests to use his phone for contact details or speak with his lawyer.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJITH DIPKE, LATESTNEWS, COPS SORRY VIDEO, DELHI PROTEST, GRANDMOTHER DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360