SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

'വിശന്നിരിക്കുന്ന സിംഹത്തിന് മുന്നിൽ ആടിനെ വിളമ്പി, സഞ്ജു ആ അവസരം മുതലെടുത്തു', വിൻഡീസ് നായകനെ വിമർശിച്ച് അശ്വിൻ

sanju-shai-hope
സഞ്ജു സാംസൺ, ഷായ് ഹോപ്പ്

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പിന്റെ ബൗളിംഗ് തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ആർ. അശ്വിൻ. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ ഇടംകൈ സ്പിന്നർ അകീൽ ഹൊസൈനെ തുടർച്ചയായി പന്തേൽപ്പിച്ച ഹോപ്പിന്റെ തീരുമാനം പിഴവായിരുന്നെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. 41 പന്തിൽ 82 റൺസെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. എന്നാൽ മറുപടി ബാറ്റിംഗിൽ നായകൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് ഒൻപത് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നിരുന്നു. 45 പന്തിൽ പുറത്താകാതെ 102 റൺസെടുത്ത ഹോപ്പാണ് സന്ദർശകർക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

അതേസമയം ഇന്ത്യൻ ഇന്നിംഗ്സിനിടെ സഞ്ജുവിന്റെ ബാറ്റിംഗിന് മുന്നിൽ വിൻഡീസ് ബൗളർമാർ പതറുകയായിരുന്നു. അകീൽ ഹൊസൈന്റെ മൂന്ന് ഓവറിൽ 46 റൺസാണ് സഞ്ജുവും സംഘവും അടിച്ചെടുത്തത്. ഒരു ഓവറിൽ മാത്രം രണ്ട് സിക്സും രണ്ട് ഫോറും സഞ്ജു പറത്തി. എന്നിട്ടും ഹൊസൈനെ തുടർച്ചയായി മൂന്ന് ഓവറുകൾ എറിയാൻ അനുവദിച്ച ഹോപ്പിന്റെ നീക്കത്തെയാണ് അശ്വിൻ ചോദ്യം ചെയ്തത്.

ashwin-hope
ആർ. അശ്വിൻ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്

'സഞ്ജു സാംസൺ അൽപ്പം പതറിയാണ് തുടങ്ങിയത്. വലിയ സ്‌കോറുകൾ കണ്ടെത്തുന്ന ഘട്ടത്തിലായിരുന്നില്ല അദ്ദേഹം. എന്നാൽ ഷായ് ഹോപ്പിനും പിഴവുപറ്റി. സഞ്ജുവിനെ സമ്മർദത്തിലാക്കാൻ ഒരു വശത്തുനിന്ന് തുടർച്ചയായി സ്പിന്നർമാരെ ഉപയോഗിച്ചുകൊണ്ടിരിക്കാനാവില്ല. പവർപ്ലേയിൽ അകീൽ ഹൊസൈനെക്കൊണ്ട് തുടർച്ചയായി മൂന്ന് ഓവറുകൾ എറിയിച്ചത് വിശന്നിരിക്കുന്ന സിംഹത്തിന് മുന്നിൽ ഒരു ആടിനെ വിളമ്പുന്നതുപോലെയായിരുന്നു. സഞ്ജു ആ അവസരം മുതലെടുത്ത് ഹൊസൈനെ കടന്നാക്രമിച്ചു,' -അശ്വിൻ പറഞ്ഞു.

സഞ്ജുവിന്റെ ബാറ്റിംഗിനെ അശ്വിൻ പ്രശംസിച്ചു. ടീമിൽ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം ഒരു താരത്തെ സ്വയം സുരക്ഷിതനാകാൻ പ്രേരിപ്പിക്കുമെങ്കിലും സഞ്ജു ടീമിനായി റിസ്‌കെടുക്കാൻ മടിക്കുന്നില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഈ മനോഭാവം താരത്തിന് ഭാഗ്യത്തിന്റെ പിന്തുണ കൂടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ സഞ്ജുവിന്റെ ക്യാച്ച് ഫീൽഡറുടെ കൈകളിലെത്തിയിട്ടും കൈവിട്ടത് ഇതിന് ഉദാഹരണമായി അശ്വിൻ വ്യക്തമാക്കി. തുടക്കത്തിൽ ബൗളിംഗിൽ തിരിച്ചടി നേരിട്ടെങ്കിലും ഹോപ്പിന്റെ തകർപ്പൻ സെഞ്ച്വറിയിലൂടെ വെസ്റ്റ് ഇൻഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സര പരമ്പര 1-1ന് തുല്യതയിലായി.

English Summary

Former Indian all-rounder R. Ashwin criticized West Indies captain Shai Hope's bowling strategy during the second T20I against India. Ashwin stated Hope erred by continuously bowling left-arm spinner Akeal Hosein to Sanju Samson, who aggressively scored 82 runs. Despite Samson's assault, Hope's unbeaten 102 led West Indies to a victory, leveling the five-match series 1-1.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJUSAMSON, R ASHWIN, SHAI HOPE, INDVSWI, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360