SignIn
Kerala Kaumudi Online
Monday, 12 October 2026 2.40 AM IST

പൊലീസ് ക്യാമറ രക്ഷയായി, എംപിയാണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചു: ബ്രിട്ടാസ്

cpm

ന്യൂഡൽഹി:കൊണാട്ട് പ്ളേസിൽ സമരം ചെയ്‌ത ഇടതുവിദ്യാർത്ഥി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ രാജ്യസഭാ എം.പി ജോൺബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തു. രാജ്യസഭാംഗമാണെന്ന് ആവർത്തിച്ചിട്ടും പൊലീസ് വാഹനത്തിനുള്ളിൽ മർദ്ദിച്ചെന്ന് ബ്രിട്ടാസ് പറഞ്ഞു. പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറയിൽ തൽസമയദൃശ്യം കണ്ട് കൺട്രോൾ റൂം ഇടപെട്ടാണ് മോചിപ്പിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതിനെ വിമർശിച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ബ്രിട്ടാസിനെ പിടികൂടി ബസിൽ കയറ്റിയത്. എം.പിയാണെന്ന് മാദ്ധ്യമപ്രവർത്തകർ പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. വാഹനത്തിനുള്ളിൽ മർദ്ദിച്ചെന്നും ശ്വാസമുട്ടലുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

കൺട്രോൾ റൂമിൽ ലഭിച്ച പൊലീസുകാരുടെ യൂണിഫോമിലെ ക്യാമറാദൃശ്യങ്ങൾ പരിശോധിക്കവെ ന്യൂഡൽഹി ഡി.സി.പി സച്ചിൻശർമയാണ് ബ്രിട്ടാസിനെ തിരിച്ചറിഞ്ഞത്. പിന്നാലെ അദ്ദേഹത്തെ ജാർഖണ്ഡ് സ്വദേശിയായ വിദ്യാർത്ഥിക്കൊപ്പം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സതേടിയ ബ്രിട്ടാസിനെ സി.പി.എം ജനറൽസെക്രട്ടറി എം.എ.ബേബിയും എ.എ.റഹീം എം.പിയും സന്ദർശിച്ചു. ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച സി.പി.ഐ നേതാക്കളായ ആനിരാജ, പി.സന്തോഷ്കുമാർ എം.പി, എ.ഐ.വൈ.എഫ് നേതാവ് അപരാജിതരാജ എന്നിവരെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, JOHN BRITTAS, DELHI PROTEST, POLICE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360