
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. മേൽനോട്ടത്തിന് റിട്ട. സുപ്രീംകോടതി ജഡ്ജിയേയോ ഹൈക്കോടതി ജഡ്ജിയേയോ നിയോഗിച്ചേക്കും. ഡൽഹി, ബീഹാർ, കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ നടന്ന സമരവുമായി ബന്ധപ്പെട്ടാണിത്. അറസ്റ്രിലായ 18 വയസിന് താഴെയുള്ള, ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ മോചിപ്പിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികളെ അറസ്റ്ര് ചെയ്യരുത്. എന്നാൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേന്ദ്രസർക്കാരിനും സമരങ്ങൾ നടന്ന ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, കേരളം, മദ്ധ്യപ്രദേശ്, അസാം, ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. സത്യവാങ്മൂലം സമർപ്പിക്കണം. ആഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ/ സ്റ്റാൻഡിംഗ് കോൺസൽ ഓൺലൈനായി ഹാജരാകണം. കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം കേൾക്കും. സമരക്കാർ, പൊലീസുകാരുടെ കുടുംബങ്ങൾ എന്നിവരുടെ പരാതികൾ പരിശോധിച്ചപ്പോൾ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യത പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എല്ലാവശവും അന്വേഷിക്കും.
സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. നിരപരാധികളെ അക്രമിച്ചെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണം. ഡൽഹിയിൽ സി.ജെ.പി നടത്തിയ സമരത്തിനിടെ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് പെല്ലറ്ര് ഗൺ ഉപയോഗിച്ചു എന്നതടക്കമുള്ള പരാതികളാണ് പരിഗണിക്കുന്നത്. കേസുകളിൽ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി നിർദ്ദേശത്തെ സി.ജെ.പി അപലപിച്ചു. കോടതി നിർദ്ദേശം കേന്ദ്രവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ആയുധമാക്കുമോയെന്ന് സംശയമുണ്ട്. ഉത്തരവിടുന്ന സമയത്ത് കേന്ദ്രസർക്കാർ അഭിഭാഷകൻ എതിർത്തില്ല. ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് അറിയിച്ചു.
അതേസമയം ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ലിൽ ഇന്നലെ ലോക്സഭയിൽ ചർച്ച തുടങ്ങി. ചർച്ച ഇന്നും തുടരും.
സ്വകാര്യത സംരക്ഷിക്കണം
1. വിദ്യാർത്ഥികളുടെയടക്കം വ്യക്തിഗത വിവരങ്ങളും, ഡിജിറ്റൽ ഡേറ്റകളും പുറത്തുവിടരുത്. സമരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം
2. സി.സി ടിവി ഫൂട്ടേജുകൾ,ഡ്രോൺ ദൃശ്യങ്ങൾ,വയർലെസ് കമ്മ്യൂണിക്കേഷൻ,കൺട്രോൾ റൂമിലെ രേഖകൾ തുടങ്ങിയവ പൊലീസ് സൂക്ഷിക്കണം
'ക്രിമിനലുകൾ നുഴഞ്ഞുകയറി"
സി.ജെ.പി ജൂലായ് 20ന് നടത്തിയ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമം കാട്ടിയിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കൊടുംക്രിമിനലുകൾ നുഴഞ്ഞുകയറി അതിക്രമം കാട്ടി. 280 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിദ്യാർത്ഥികൾ ക്രൂരമർദ്ദനത്തിനിരയായെങ്കിൽ നിസാരമായി കാണാനാകില്ല. പൊലീസുകാരും അതിക്രമങ്ങൾക്ക് ഇരയായി. സത്യം പുറത്തുവരണം. റിട്ട.ജഡ്ജി അദ്ധ്യക്ഷനായുള്ള സ്വതന്ത്ര അന്വേഷണമാണെങ്കിൽ കേന്ദ്രം അനുകൂലിക്കുന്നു.
എഫ്.ഐ.ആർ പിൻവലിക്കും
സമരങ്ങളുമായി ബന്ധപ്പെട്ട് ബീഹാർ, അസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ എഫ്.ഐ.ആറുകൾ പിൻവലിക്കാൻ ഇന്നലെ പുലർച്ചെ ഒരു മണിവരെ കേന്ദ്രസർക്കാരും സി.ജെ.പി വക്താക്കളും നടത്തിയ ചർച്ചയിൽ ധാരണയായി. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. ഡൽഹി സംഘർഷത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
The Supreme Court has ordered an independent investigation into allegations of police brutality against students protesting the NEET examination paper leak, seeking an impartial probe into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |