
വിവിധ മേഖലകൾക്കായി 'റോഡ് മാപ്പ് ടു 2030"
ന്യൂഡൽഹി: 2030ഓടെ 35,000 കോടി രൂപയുടെ വ്യാപാരം ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി കരാറിന് ഇന്ത്യ-ന്യൂസിലൻഡ് ധാരണ. കഴിഞ്ഞദിവസം ഓക്‌ലൻഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും തമ്മിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനം. വിവിധ മേഖലകളിലെ അടുത്ത നാലുവർഷത്തെ സഹകരണത്തിനുള്ള ധാരണകളെ 'റോഡ് മാപ്പ് ടു 2030" എന്ന് ഇരുനേതാക്കളും വിശേഷിപ്പിച്ചു. കരാർ എത്രയും വേഗം പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചതായി സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിലും പങ്കാളിത്തത്തിലും നാഴികക്കല്ലാണ് കരാറെന്നും അറിയിച്ചു. ഉഭയകക്ഷി സഹകരണം ഇന്തോ-പസഫിക് മേഖലയ്‌ക്ക് കരുത്ത് പകരുമെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി. എല്ലാവരും ആത്മസംയമനം പാലിക്കണം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണം. തർക്കങ്ങൾക്ക് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും വഴി തിരഞ്ഞെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രമുഖ വ്യവസായികളുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്‌തു. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിലെത്തിയത്.
ഭീകരതയ്‌ക്കെതിരെ
ഒന്നിക്കും
പഹൽഗാം ഭീകരാക്രമണം,ചെങ്കോട്ട സ്‌ഫോടനം തുടങ്ങിയവയെ ഇരു നേതാക്കളും അപലപിച്ചു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് ആഹ്വാനം ചെയ്‌തു. ഭീകരവാദത്തിന് ധനസഹായം നൽകുന്ന ശൃംഖലകൾ തകർക്കും. ഭീകരവാദ വിരുദ്ധ സംയുക്ത കർമ്മസമിതി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
നേരിട്ട് വിമാന
സർവീസുകൾ
സമുദ്ര സഹകരണം ശക്തിപ്പെടുത്തും. മാരിടൈം കോഓപ്പറേഷൻ അറേഞ്ച്മെന്റ്, ഹൈഡ്രോഗ്രാഫി-നോട്ടിക്കൽ കാർട്ടോഗ്രാഫി മേഖലകളിൽ സഹകരണം ഉറപ്പാക്കും.
നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും
ഹോർട്ടികൾച്ചർ,വനം,മൃഗസംരക്ഷണം,ക്ഷീരവികസനം എന്നീ പ്രാഥമിക ഉത്‌പാദന മേഖലകളിൽ സഹകരണം ശക്തമാക്കും
ഇന്ത്യയിൽ കിവിപ്പഴം കൃഷിക്കായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും
മൃഗസംരക്ഷണ,ക്ഷീരവികസന മേഖലകളിലെ സഹകരണത്തിലെ ധാരണാപത്രം പൂർത്തിയായി
നാവികരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരസ്‌പരം അംഗീകരിക്കും
ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും ന്യൂസിലൻഡിന്റെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയും തമ്മിൽ സഹകരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |