SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

ബംഗാളിൽ രാഷ്ട്രീയ നാടകം തുടരുന്നു; റെജിനഗറിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും അറസ്റ്റിൽ

s

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്നാലെ റെജിനഗറിലെ സ്വതന്ത്ര സ്ഥാനാർത്ഥി സൈഫുൾ ഇസ്ലാമും അറസ്റ്റിൽ. 2021ലെ സംസ്ഥാന തിരഞ്ഞെടുപ്പിനിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ആം ജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീറുമായി ബന്ധമുള്ള നേതാവാണ് സൈഫുൾ. ഹുമയൂൺ കബീർ റെജിനഗറിൽ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. ഇദ്ദേഹം ജയിച്ച നവ്ദ മണ്ഡലം നിലനിറുത്തുകയും റെജിനഗറിൽ രാജിവയ്ക്കുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രിൽ,​മേയ് മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാൻ ന്യൂനപക്ഷ മേഖലകളിൽ വോട്ടുകൾ ഭിന്നിപ്പിച്ചെന്ന ആരോപണം നേരിട്ട നേതാവാണ് ഹുമയൂൺ. ഇദ്ദേഹത്തിനെതിരെയും ബി.ജെ.പി സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. സമുദായ സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബെർഹാംപൂരിൽ നടന്ന പത്രസമ്മേളനത്തിനിടെ പുറത്തുവിട്ട ഓഡിയോ ക്ളിപ്പിംഗിന്റെ അടിസ്ഥാനത്തിലാണ് കേസ്. സമുദായ സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്ന് സൂചന നൽകുന്നതാണ് ഇതിലെ ഉള്ളടക്കമെന്ന് പൊലീസ് പറയുന്നു.

അതിനിടെ റെജിനഗറിലെ തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി പ്രചാരണം തുടങ്ങി. ബി.ജെ.പി സമ്മദ്ദത്തെ തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ശ്രമിച്ച ഇദ്ദേഹത്തോട് തുടരാൻ തൃണമൂൽ നേതാവ് മമതാ ബാനർജി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിന് മമത നേരിട്ടെത്തുമെന്നും ഉറപ്പു നൽകി.

പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിട്ട് സർക്കാർ

എ.ജെ.യു.പി സംസ്ഥാന സെക്രട്ടറി ആഷിക് ഇക്ബാലും അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച മുർഷിദാബാദ് ജില്ലയിൽ പൊലീസ് പിക്കറ്റിൽ വാഹന പരിശോധനയ്ക്കിടെ ഇദ്ദേഹത്തിൽ നിന്ന് വലിയ അളവിൽ വ്യാജ കറൻസികളും അനധികൃത ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് ആരോപണം. നന്ദിഗ്രാമിൽ രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന ഭൂമി ഏറ്റെടുക്കലിനെതിരായ പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്‌ത കേസിലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പോലീസ് അറസ്റ്റ് ചെയ്‌തത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സ്ഥാനാർത്ഥി ജയിലിൽ കിടന്ന് പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപൂരിനൊപ്പം വിജയിച്ച നന്ദിഗ്രാം ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, RAGINAGAR, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360