
ചെന്നൈ: തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയിൽ
4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടവും 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനങ്ങളുടെ പ്രതീക്ഷകൾ മനസിലാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ കരുണാനിധിയും ജയലളിതയുമായും ആശയവിനിമയം നടത്താൻ അവസരമുണ്ടായി. പ്രധാനമന്ത്രിയായപ്പോൾ ജയലളിത, പനീർശെൽവം, പടളനിസ്വാമി, സ്റ്റാലിൻ എന്നിവരോടൊപ്പവും പ്രവർത്തിക്കാനായി. സർക്കാരുകൾ മാറിയേക്കാം, എന്നാൽ തമിഴ്നാടിന്റെ വികസനത്തിനും ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നതിനുമുള്ള തന്റെ ദൃഢനിശ്ചയം അചഞ്ചലമായി തുടരും. ഭരണത്തലവനെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ, ജനങ്ങളിലും ഫെഡറലിസത്തിലുമുള്ള തന്റെ വിശ്വാസം കൂടുതൽ ശക്തമായി. മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമാണ് ഈ യാത്ര മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനമാണ് തന്റെ മന്ത്രം. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും, വ്യവസായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതികൾ സഹായകമാകുമെന്നും പറഞ്ഞു.
മെട്രോയിൽ
ഒന്നിച്ചുയാത്ര
ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും സ്വീകരിച്ചു. മെട്രോയുടെ പൂനമല്ലി-വടപളനി പാതയാണ് മോദി ഉദ്ഘാടനം ചെയ്തത്. ശേഷം മോദിയും വിജയ്‌യും പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്തു. ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകി ടിക്കറ്റെടുത്തായിരുന്നു യാത്ര. ദേശീയപാത 744ൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള വടുകപ്പെട്ടി - തെർക്കുവെങ്ങനല്ലൂർ നാലുവരിപ്പാതയുടെ ഉൾപ്പെടെ തറക്കല്ലിടലും മോദി നിർവഹിച്ചു. 750 കോടിയിലധികം രൂപയുടെ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികളും ഐ.ഐ.ടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്ററും ഉദ്ഘാടനം ചെയ്തു.
ജലകണ്ഠേശ്വർ
ക്ഷേത്രത്തിൽ
ചെന്നൈയിലെ ജലകണ്‌ഠേശ്വര ക്ഷേത്രം മോദി സന്ദർശിച്ചു. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചെന്നും ഭഗവാൻ
ശിവന്റെ അനുഗ്രഹം എപ്പോഴും നമുക്ക് വഴികാട്ടിയാകട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കോയമ്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മിക്കാനുള്ള നിർദ്ദേശം പുനഃപരിശോധിക്കണം. തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് കർണാടകയിലെ ബൊമ്മസാന്ദ്രയിലേക്കുള്ള അന്തർസംസ്ഥാന മെട്രോ റെയിൽ പാതയ്ക്ക് അനുമതി നൽകണമെന്നും അഭ്യർത്ഥിക്കുന്നു-
മുഖ്യമന്ത്രി വിജയ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |