
രണ്ടാം ടെസ്റ്റിൽ ലങ്ക 265/8, 238 റൺസ് പിന്നിൽ
കൊളംബോ : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503/9 ഡിക്ളയേഡിനെതിരെ മൂന്നാം ദിനത്തിൽ പൊരുതിനിന്ന് ശ്രീലങ്ക. രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ആതിഥേയർ മഴമൂലം കളി നേരത്തേ നിറുത്തുമ്പോൾ 265/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റുകൾ മാത്രം ശേഷിക്കേ 238 റൺസ് പിന്നിലാണ് ഇപ്പോഴും ലങ്ക. 80 റൺസ് നേടി പുറത്തായ പസിന്ദു സൂര്യബന്ദാരയും 85 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന സൊനാൽ ദിനുഷയുമാണ് ലങ്കൻ ചെറുത്തുനിൽപ്പിന് ചുക്കാൻ പിടിച്ചത്.
ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനിറങ്ങിയ ലങ്കയ്ക്ക് ടീം സ്കോർ 35ലെത്തിയപ്പോൾ കാമിൽ മിഷാരയെ(19) ക്കൂടി നഷ്ടമായെങ്കിലും നാലാമനായി കളത്തിലിറങ്ങിയ പസിന്ദു സൂര്യബന്ദാരയുടെ ചെറുത്തുനിൽപ്പ് കരുത്തുപകർന്നു. കാമിന്ദു മെൻഡിസിനൊപ്പം പസിന്ദു നാലാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് മുന്നേ പ്രസിദ്ധ് കൃഷ്ണ സഖ്യം പൊളിച്ചു. ലഞ്ചിന് ശേഷം ക്യാപ്ടൻ ധനഞ്ജയ ഡിസിൽവയും (8), പസിന്ദുവും നിരോഷൻ ഡിക്ക്‌വെല്ലയും (0) പുറത്തായതോടെ ആതിഥേയർ 173/7 എന്ന നിലയിലായതാണ്. എന്നാൽ ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ സൊനാൽ ദിനൂഷ വീണ്ടും ഇന്ത്യയ്ക്ക് മുന്നിൽ വിലങ്ങുതടിയായി മാറി. എട്ടാം വിക്കറ്റിൽ കേശര നുവാന്തയ്ക്കൊപ്പം (18) 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ദിനൂഷ അതിനുശേഷം ലാഹിരു കുമാര(8 നോട്ടൗട്ട്)യ്ക്കൊപ്പം മുന്നോട്ടുനീങ്ങി.137 പന്തുകൾ നേരിട്ട ദിനൂഷ ആറ് ഫോറും രണ്ട് സിക്സും പായിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.സിറാജിനും ജഡേജയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. 133 പന്തുകളിൽ ഒൻപത് ബൗണ്ടറികൾ കണ്ടെത്തിയ പസിന്ദുവിനെയാണ് ജഡേജ പുറത്താക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |