SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.06 AM IST

കേരളത്തിനെതിരായ രഞ്ജി മത്സരം കൊമ്പത്തെത്തി ജാർഖണ്ഡ്

renji

ആദ്യ ഇന്നിംഗ്സിൽ ജാർഖണ്ഡ് 587ന് ആൾഔട്ട്, വൈശാഖ് ചന്ദ്രന് അഞ്ചുവിക്കറ്റ്

ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ജാർഖണ്ഡ്. ആദ്യദിനം 289/5 എന്ന നിലയിലായിരുന്ന ജാർഖണ്ഡ് 587റൺസിൽ ആൾഔട്ടായതോട‌െയാണ് രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ക്യാപ്ടൻ വിരാട് സിംഗും (108) ആദിത്യ സിംഗും (147) നേടിയ സെഞ്ച്വറികളാണ് ആതിഥേയർക്ക് ഇന്നലെ കരുത്തായത്. 227 റൺസാണ് ഇന്നലെ ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ആദ്യ ദിനം ശിഖർ മോഹനും (143) സെഞ്ച്വറി നേടിയിരുന്നു. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിവസം കരുതലോടെ ബാറ്റിങ് തുടങ്ങിയ ജാർഖണ്ഡ് 80 റൺസ് മാത്രമാണ് ആദ്യ സെഷനിൽ കൂട്ടിച്ചേർത്തത്. കേരള ക്യാപ്ടൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചായയ്ക്ക് പിരിയും മുൻപ് ആദിത്യയും മൂന്നാം സെഷന്റെ തുടക്കത്തിൽ വിരാടും തങ്ങളുടെ സെഞ്ച്വറികൾ പൂർത്തിയാക്കി.

സ്കോർ 506ൽ നിൽക്കെ വിരാടിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 263 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 108 റൺസാണ് വിരാട് നേടിയത്. ഈ ക്യാച്ചോടെ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നൂറ് ക്യാച്ചുകളെന്ന അപൂ‍ർവ്വ നേട്ടവും സ്വന്തമാക്കി. വൈകാതെ ആദിത്യ സർവാതെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആദിത്യ സിംഗും മടങ്ങി. 279 പന്തുകളിൽ 17 ബൗണ്ടറികളടക്കം 147 റൺസാണ് ആദിത്യ നേടിയത്. തുടർന്നെത്തിയ സാഹിൽ രാജ് 19 ഉം, മനീഷി 20 ഉം, സുശാന്ത് മിത്ര 18 ഉം റൺസെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ചും ജലജ് സക്സേന മൂന്നും ആദിത്യ സർവാതെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

100

സച്ചിൻ ബേബി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ തികച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RENJI TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360