ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പൊലീസ് വേഷത്തിലെത്തുന്ന ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.
'മോദിയും സർക്കാരും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ച ഏഴായിരം പേരെയാണ് കസ്റ്റഡിയിലെടുത്തത്. എത്ര നാൾ ഗ്യാനേഷിനെ സംരക്ഷിക്കുന്നോ അത്രയും പ്രതിഷേധം ശക്തമാകും. പൊലീസിനൊപ്പം അവരുടെ വേഷത്തിൽ ആർഎസ്എസ് ഗുണ്ടകളും എത്തുന്നുണ്ട്. അവർ സ്ത്രീകളെ ആക്രമിക്കുന്നു. ഡൽഹിയെ ഒരു ജയിലാക്കി മാറ്റി. ആളുകൾ നഗരത്തിലേക്ക് എത്തുന്നത് വരെ തടയുന്നു.
ഇന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി ഗ്യാനേഷ് കുമാറിനെതിരെ ഹർജി ഫയൽ ചെയ്യും. എന്തിനാണ് മോദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സംരക്ഷിക്കുന്നത്? 50 ശതമാനം പൊലീസും ഞങ്ങൾക്കൊപ്പമാണ്. നമ്മുടെ മനസിലുള്ള ചോദ്യങ്ങൾ പൊലീസിന്റെ മനസിലുമുണ്ട്. എന്തിനാണ് ഇവരെ തങ്ങൾ മർദിക്കുന്നതെന്ന് പൊലീസ് തന്നെ ആലോചിച്ച് തുടങ്ങി.
ഗ്യാനേഷ് കുമാറും ഭയത്തിലാണ്. ഒരുപക്ഷേ അദ്ദേഹത്തിന് ഉറങ്ങാൻ പോലും കഴിയുന്നില്ലായിരിക്കും. ഇത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. രാജ്യത്ത് ആർക്കും മോദിയെ വിശ്വാസമില്ല. ഞങ്ങളുടെ പ്രതിഷേധം ഒന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല. ഇന്ന് സുപ്രീംകോടിയിലേക്ക് മാർച്ച് നടത്തുന്നു. നാളെ എന്ത് നടക്കുമെന്ന് അറിയില്ല'- രാഹുൽ വ്യക്തമാക്കി.
Congress leader and Lok Sabha Leader of Opposition Rahul Gandhi accused individuals allegedly posing as police personnel and affiliated with the RSS of attacking people participating in peaceful protests in Delhi. He questioned why Prime Minister Narendra Modi and the government were protecting Chief Election Commissioner Gyanesh Kumar and demanded to know why the election chief had not resigned.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |