ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരിനെ കാവി പുതയ്ക്കാനുള്ള നീക്കത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം (ടിവികെ). തിരുവള്ളുവർ എല്ലാ തമിഴ്‌നാട്ടുകാർക്കും ഒരുപോലെയാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും ടിവികെ ചൂണ്ടിക്കാട്ടി. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഇന്നലെ മോദി തമിഴ്‌നാട്ടിലെത്തുകയും മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭരണകക്ഷിയായ ടിവികെയുടെ വിമർശനം.
'തിരുവള്ളുവർ മുഴുവൻ തമിഴ് ലോകത്തിനും അവകാശപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള എല്ലാ തമിഴർക്കും അദ്ദേഹം ഒരു പൊതുവ്യക്തിത്വമാണ്. തിരുവള്ളുവരെ കാവി നിറത്തിൽ വരയ്ക്കാനും ഇടുങ്ങിയ പ്രത്യയശാസ്ത്ര വലയത്തിലേക്ക് പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങൾ നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധവും അപലപനീയവുമാണ്. തമിഴ് ഭാഷയ്ക്കും അതിലെ ജനങ്ങൾക്കും വേണ്ടി പാർട്ടി തുടർന്നും നിലകൊള്ളും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല'- ടിവികെ പ്രസ്‌താവനയിൽ വ്യക്തമാക്കി.
തിരുവള്ളുവരെ കാവി വസ്ത്രവും രുദ്രാക്ഷ മാലയുമണിഞ്ഞ് ചിത്രീകരിക്കുന്നത് തമിഴ്‌നാട്ടിൽ അടുത്തിടെ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വെള്ള വസ്ത്രത്തിലുള്ള തിരുവള്ളുവരുടെ ചിത്രമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കഴുത്തിൽ മാലയും അണിയാറില്ല. തമിഴ്‌നാട് മുൻ ഗവർണർ ആർ എൽ രവി കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ചുള്ള തിരുവള്ളുവറുടെ ചിത്രം പങ്കുവച്ചതും മുൻപ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ജനുവരി 16ന് തിരുവള്ളുവർ ദിനത്തിലായിരുന്നു അദ്ദേഹം ചിത്രം പങ്കുവച്ചത്.
Tamilaga Vettri Kazhagam (TVK) criticised the BJP for depicting Tamil poet and philosopher Thiruvalluvar in saffron attire. The party said Thiruvalluvar belongs to all Tamils and should not be confined to any ideology. The controversy resurfaced after Prime Minister Narendra Modi’s Tamil Nadu visit and follows earlier criticism of similar saffron-clad images.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |