SignIn
Kerala Kaumudi Online
Saturday, 11 July 2026 5.42 PM IST

നേപ്പാളുമായി ട്വന്റി-20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യ; മത്സരങ്ങൾ ഡിസംബറിൽ

vaibhav-
വൈഭവ് സൂര്യവംശി, നേപ്പാൾ ടീം.

കാഠ്മണ്ഡു: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ നേപ്പാൾ പര്യടനം പ്രഖ്യാപിച്ചു. ഡിസംബറിൽ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യ 'എ' ടീം നേപ്പാളിലെത്തും. കീർത്തിപൂരിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ക്രിക്കറ്റ് മൈതാനത്താണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്.

എഡിൻബർഗിൽ നടന്ന ഐസിസി വാർഷിക കോൺഫറൻസിനിടെ ബിസിസിഐ, ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് പരമ്പരയ്ക്കുള്ള അന്തിമരൂപമായത്. ഡിസംബർ ഒമ്പതിനാണ് പരമ്പരയിലെ ഒന്നാം ട്വന്റി-20 മത്സരം നടക്കുക. തുടർന്ന് രണ്ടാം മത്സരം ഡിസംബർ 11-നും, മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഡിസംബർ 13-നും അരങ്ങേറും.

bcci
ഐസിസി കോൺഫറൻസിനിടെ സിഎഎൻ പ്രസിഡന്റ് ചതുർ ബഹാദൂർ ചന്ദ്, സിഎഎൻ സെക്രട്ടറി പരസ് ഖഡ്ക, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവർ

ഐപിഎല്ലിൽ തിളങ്ങിയ താരങ്ങളും ഇന്ത്യൻ സീനിയർ ടീമിന്റെ പടിവാതിൽക്കൽ നിൽക്കുന്ന താരങ്ങളുമായിരിക്കും ഇന്ത്യ 'എ' ടീമിൽ അണിനിരക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ യുവനിരയ്‌ക്കെതിരെ കളിക്കുന്നതിലൂടെ നേപ്പാൾ ക്രിക്കറ്റ് ടീമിന് അന്താരാഷ്ട്ര തലത്തിൽ പരിചയസമ്പത്ത് വ‌ർദ്ധിക്കും.


കഴിഞ്ഞ വർഷത്തെ ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നേപ്പാൾ ടീം ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. കൂടാതെ, 2024ലെ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഗുജറാത്ത്, ബറോഡ ആഭ്യന്തര ടീമുകൾക്കെതിരെ നേപ്പാൾ പരിശീലന മത്സരങ്ങൾ കളിക്കുകയും പിന്നീട് ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ്-2 മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി വീണ്ടും ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ എത്തുകയും ചെയ്തിരുന്നു.

English Summary

India 'A' team will tour Nepal for a three-match T20 series in December. The matches will be held at the Tribhuvan University International Cricket Ground in Kirtipur on December 9, 11, and 13. The series was finalized after discussions between BCCI and Cricket Association of Nepal officials at the ICC annual conference in Edinburgh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, LATESTNEWS, INDIA VS NEPAL, INDIA TOUR OF NEPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360