ലണ്ടൻ: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കമ്പനി. ഭക്ഷ്യവിഷബാധയാകാം അസ്വസ്ഥതകൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ലണ്ടനിലെ ഹീത്രോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ക്രൂ അംഗങ്ങൾക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഹൈദരാബദിൽ വിശ്രമിച്ച ശേഷം മടങ്ങവെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. അംഗങ്ങൾ താമസിച്ച ഹോട്ടലിലെ ഭക്ഷണമോ മറ്റ് സാഹചര്യങ്ങളോ കാരണമായിരിക്കാമെന്ന സംശയത്തിലാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പത്ത് മണിക്കൂർ നീണ്ട യാത്രയ്കക്കിടെ ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിമാനത്തിനുള്ളിൽ ഓക്സിജൻ നൽകേണ്ടി വന്നതായി വിമാനകമ്പനി അധികൃതർ അറിയിച്ചു. മറ്റ് രണ്ടുപേർക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും ചേർന്ന് വിമാനം സുരക്ഷിതമായി ഹീത്രോയിൽ ഇറക്കുകയായിരുന്നു.
മൂന്ന് പൈലറ്റുമാരും ഹൈദരാബാദിലെ ഒരേ ഹോട്ടലിൽ താമസിക്കുകയും അവിടത്തെ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയോ ശുചിത്വപ്രശ്നങ്ങളോ കാരണമാണോയെന്ന് കണ്ടെത്താൻ ഇവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടൽ താമസസൗകര്യങ്ങളും ബ്രിട്ടീഷ് എയർവെയ്സ് പുനഃപരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും വിമാനം സുരക്ഷിതമായാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നും ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. ക്രൂ അംഗങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഹൈദരാബാദിലെ ക്രൂ താമസസൗകര്യങ്ങളെക്കുറിച്ച് സമഗ്ര പരിശോധന നടത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
British Airways has launched an investigation after three pilots fell ill on a flight from Hyderabad to London, with suspected food poisoning. The crew members, who stayed and had breakfast at the same Hyderabad hotel, experienced health issues during the ten-hour journey. One pilot required oxygen, but the other two safely landed the aircraft. Passenger safety was not compromised.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |