SignIn
Kerala Kaumudi Online
Friday, 24 July 2026 3.27 AM IST

ആക്രമണം വ്യാപിപ്പിക്കാൻ ഇറാൻ ,​ ഇറാന്റെ ആണവകേന്ദ്രം തകർക്കുമെന്ന് ട്രംപ്

trump

ടെഹ്റാൻ: ഗൾഫിലെ യു.എസ് ബേസുകൾക്ക് നേരെ ഇറാൻ ആക്രമണം വ്യാപിപ്പിച്ചതോടെ പുതിയ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. ഇറാന്റെ നിർമ്മാണത്തിലിരിക്കുന്ന ഭൂഗർഭ ആണവകേന്ദ്രമായ പിക്ആക്സ് മൗണ്ടൻ ഉടൻ ആക്രമിക്കും. ടെഹ്റാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്നും ട്രംപ് പറഞ്ഞു. ആണവ കേന്ദ്രങ്ങൾക്ക് നേർക്കുള്ള ആക്രമണത്തെ തുറന്ന യുദ്ധമായി കാണുമെന്ന് ടെഹ്റാനും പ്രതികരിച്ചു.

ടെഹ്റാനിലും ബുഷെഹ്രിലും ഹോർമുസിന് സമീപമുള്ള ലാറക് ദ്വീപിലും ഇന്നലെ യു.എസ് ബോംബ് വർഷിച്ചു. ജോർദാനിലെയും ബഹ്റൈനിലെയും വ്യോമത്താവളങ്ങളിലും സൗദിയിലും മിസൈൽ ആക്രമണമായിരുന്നു ഇറാന്റെ മറുപടി. ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സൗദി നിർദ്ദേശിച്ചു.

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് രണ്ടു വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ ചെങ്കടലിലൂടെ നീങ്ങിയ രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകളെ സൗദി തിരിച്ചു വിളിച്ചു.

അതിനിടെ, സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറായിട്ടും ഇറാൻ ഉഴപ്പുന്നതായി യു.എസ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ കുറ്റപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങൾക്ക് യു.എസിന് വ്യോമത്താവളം നൽകാൻ ബൾഗേറിയൻ പാർലമെന്റ് അനുമതി നൽകി. ഇസ്രയേലും ലെബനനും ആഗസ്റ്റ് നാലിന് യു.എസിന്റെ മദ്ധ്യസ്ഥതയിൽ ഇറ്റലിയിൽ ചർച്ച നടത്തും.

പിക്ആക്സ് മൗണ്ടൻ

 ടെഹ്റാനിൽ നിന്ന് 220 കിലോമീറ്റർ തെക്കും നടാൻസ് ആണവോർജ്ജ കേന്ദ്രത്തിന് 2 കിലോമീറ്റർ അകലെയും

 2.7 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്നു. 100 മീറ്ററിലധികം ആഴത്തിലാണ് നിർമ്മിച്ചിരിക്കുന്നത്

100 യു.എസ് സൈനികർ

കൊല്ലപ്പെട്ടു?​

ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 100 സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇത് സ്ഥീരികരിക്കുന്ന ചൈനീസ് ഉപഗ്രഹ വീഡിയോയും പുറത്തുവന്നു. സൈനിക താവളത്തിന്റെ പകുതി ഭാഗം തകർന്നു. എന്നാൽ മൂന്ന് പേർ മാത്രമാണ് കൊല്ലപ്പെട്ടെതെന്നാണ് യു.എസിന്റെ വാദം.

യു.എസിന് ചെലവായത്

₹3.1 ലക്ഷം കോടി

ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇതുവരെ ചെലവിട്ടത് 37.5 ബില്യൺ ഡോളറെന്ന് (3.1 ലക്ഷം കോടി) യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360