SignIn
Kerala Kaumudi Online
Saturday, 27 June 2026 1.46 PM IST

ഡൊണാൾഡ് ട്രംപ് വീണ്ടും ഇന്ത്യയിലെത്തുന്നു, അടുത്തവർഷം ആദ്യം എത്തിയേക്കുമെന്ന് സൂചന നൽകി മാർക്കോ റൂബിനോ

modi
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിനോ. അടുത്തവർഷം ആദ്യത്തോടെയാവും ട്രംപ് ഇന്ത്യയിലെത്തുക എന്നും വാഷിംഗ്ടണിൽ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെ റൂബിയോ സൂചിപ്പിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുന്നതിനിടെ ട്രംപ് ഇന്ത്യയിലെത്തുന്നു എന്നത് സന്ദർശനത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

ഇന്ത്യ- യുഎസ് ബന്ധത്തെ അതിശയകരമായത് എന്നാണ് റൂബിനോ വിശേഷിപ്പിച്ചത്. 'ഇന്ത്യ അമേരിക്കയുടെ അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. മോദിയും ട്രംപും തമ്മിൽ വളരെ നല്ല ബന്ധമാണ്. നയതന്ത്രത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. വ്യാപരക്കരാർ അന്തിമമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കരാർ അന്തിമമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങൾ'- റൂബിനോ പറഞ്ഞു.

സന്ദർശനം നടക്കുകയാണെങ്കിൽ 2020 ഫെബ്രുവരിക്കുശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാവും ഇത്. ഫ്രാൻസിലെ ഏവിയാനിൽ ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 16 മാസത്തിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ ഗതാഗതം എന്നിവയെക്കുറിച്ചായിരുന്നു ഇരുവരും അന്ന് ചർച്ച നടത്തിയത്. യുഎസ്-ഇന്ത്യ കോംപാക്ട് പദ്ധതിയുടെ നേട്ടങ്ങളും പുരോഗതിയും അവർ വിലയിരുത്തുകയും ചെയ്തു.

അതേസമയം, ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേരുനൽകിയതിൽ ട്രംപ് നന്ദി അറിയിച്ചു. ട്രൂത്ത് സോഷ്യൽ വഴിയാണ് തന്റെ അഭിനന്ദനം ട്രംപ് അറിയിച്ചത്. യുഎസ് കോൺസുലേറ്റിനോട് ചേർന്ന റോഡിനാണ് ഡൊണാൾഡ് ട്രംപ് അവന്യൂ എന്ന തെലങ്കാന സർക്കാർ പേരുനൽകിയത്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് താനാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. റോഡിന്റെ നാമകരണച്ചടങ്ങിന്റെ ചിത്രവും അദ്ദേഹം പോസ്റ്റുചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP INDIA VISIT, TRUMP INDIA NEWS, TRUMP LATEST NEWS, TRUMP IN INDIA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360