
ന്യൂയോർക്ക്: സീസിയം മൂലകത്തിന്റെ ഐസോടോപ്പാണ് സീസിയം - 137. ഖനന പ്രവർത്തനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന സീസിയം - 137 ലോകത്ത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉയർന്ന റേഡിയേഷൻ സൃഷ്ടിച്ച കാൻസർ പോലുള്ള രോഗങ്ങളാണ് ഇക്കൂട്ടത്തിൽ ഏറെയും. 1986ലെ ചെർണോബിൽ ആണവ ദുരന്തമാണ് അതിൽ ഏറ്റവും വലുത്. ചെർണോബിൽ സ്ഫോടനത്തിൽ ഏകദേശം 27 കിലോഗ്രാം സീസിയം - 137 അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. ദുരന്തത്തിന്റെ ഫലമായി മേഖലയിൽ വ്യാപിച്ച റേഡിയേഷന്റെ പ്രധാന സ്രോതസ്സുകളിലൊന്നായിരുന്നു ഇത്. പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്ടറിലാണ് ഭീകരമായ പൊട്ടിത്തെറിയുണ്ടായത്.
ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്. 2011 മാർച്ച് 11ന് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശുകയും ചെയ്തു. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.
റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഫുകുഷിമയിലെ വനമേഖലയിലെ മരങ്ങളിലും മണ്ണിലും കൂണുകളിലും സീസിയം - 137ന്റെ സാന്നിദ്ധ്യം കണ്ടെത്തി. 2019 ജനുവരിയിൽ ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഒ.എൻ.ജി.സിയുടെ പര്യവേക്ഷണ മേഖലയിൽ സീസിയം - 137 അടങ്ങിയ ചെറു കണ്ടെയ്നർ ട്രക്കിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
1987 ബ്രസീലിലെ ഗൊയേനിയയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത തരത്തിൽ കണ്ടെത്തിയ ഒരു റേഡിയോ തെറാപ്പി സ്രോതസ് പലരുടെ കൈകളിലെത്തുകയും നാല് പേർ ഇതിലെ സീസിയം - 137ന്റെ റേഡിയേഷനേറ്റ് മരിക്കുകയും ചെയ്തു.
1989ൽ കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലുള്ള ക്രാമറ്റോർസ്ക് നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിന്റെ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ സീസിയം - 137കാപ്സ്യൂൾ കണ്ടെത്തി. ഏതോ ഉപകരണത്തിന്റെ ഭാഗമായിരുന്ന കാപ്സ്യൂൾ 1970കളിൽ കാണാതാവുകയും അപ്പാർട്ട്മെന്റ് നിർമ്മാണ സമയത്ത് കോൺക്രീറ്റിൽ പെട്ടുപോവുകയുമായിരുന്നു എന്ന് കരുതുന്നു. 9 വർഷത്തിനിടെ രണ്ട് കുടുംബങ്ങൾ ഈ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു. കാപ്സ്യൂൾ കണ്ടെത്തിയപ്പോഴേക്കും നാല് പേർ ലുക്കീമിയ ബാധിച്ച് മരിച്ചിരുന്നു. 17 പേരിൽ റേഡിയേഷൻ ഏറ്റെന്നും കണ്ടെത്തി.
2023ൽ സീസിയം - 137 അടങ്ങിയ ഒരു ചെറു കാപ്സ്യൂൾ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒരു ട്രക്കിൽ നിന്ന് റോഡിൽ നഷ്ടപ്പെട്ടിരുന്നു. വ്യാപക തെരച്ചിലിനൊടുവിൽ റേഡിയേഷൻ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഈ കാപ്സ്യൂൾ കണ്ടെത്തിയത് അപകടം ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |