
ലണ്ടൻ: മനുഷ്യരിൽ ഉപയോഗിക്കുന്ന അത്യാധുനിക ക്യാൻസർ ചികിത്സയ്ക്ക് വിധേയമായി ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിലെ 'ജോഡി ഫോസ്റ്റർ ' എന്ന പെരുമ്പാമ്പ്. ലോകത്ത് ആദ്യമായാണ് ഒരു പാമ്പിൽ മനുഷ്യർക്കുള്ള ക്യാൻസർ ചികിത്സ പരീക്ഷിക്കുന്നത്. ഹോളിവുഡ് താരം ജോഡി ഫോസ്റ്ററുടെ പേരിട്ടിരിക്കുന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലെ ഈ പെരുമ്പാമ്പിന് 15 അടി നീളമുണ്ട്. 50 കിലോഗ്രാം തൂക്കവുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ജോഡിക്ക് 23 വയസ്സ് തികഞ്ഞത്. പാമ്പ് സാധാരണയേക്കാൾ കുറച്ചുമാത്രം ഭക്ഷണം കഴിക്കുകയും, തന്റെ കൂട്ടിൽ കൂടുതൽ സമയവും അനങ്ങാതെ കിടക്കുകയും ചെയ്തപ്പോഴാണ് മൃഗശാലാ ജീവനക്കാർക്ക് എന്തോ തകരാറുള്ളതായി സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജോഡിയുടെ താടിയെല്ലിൽ മാരക ക്യാൻസർ ട്യൂമർ കണ്ടെത്തി. സർജറിയിലൂടെ ഇത് നീക്കം ചെയ്തെങ്കിലും, പിന്നീട് ട്യൂമർ വീണ്ടും വരികയും താടിയെല്ലിനെ ബാധിക്കാൻ തുടങ്ങുകയും ചെയ്തു.
ജീവൻ തന്നെ അപകടത്തിലായ സാഹചര്യത്തിൽ പാമ്പിനെ ഇലക്ട്രോ കീമോതെറാപ്പിക്ക് വിധേയയാക്കി. ഈ ചികിത്സ കഴിഞ്ഞ് ഇപ്പോൾ മാസങ്ങൾ പിന്നിട്ടു. പാമ്പ് ഇപ്പോൾ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും പഴയതുപോലെ ഉഷാറായെന്നും അധികൃതർ പറഞ്ഞു. ഇരകളെ വിഴുങ്ങാനായി പെരുമ്പാമ്പുകൾക്ക് തങ്ങളുടെ താടിയെല്ലുകൾ വേർപെടുത്താൻ സാധിക്കാറുണ്ട്. ചികിത്സയ്ക്ക് ശേഷം ജോഡി യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇരയെ പിടിക്കുന്നതായും വിഴുങ്ങുന്നതായും മൃഗശാലാ ജീവനക്കാർ പറഞ്ഞു.
വലിപ്പകൂടുതൽ കാരണം രണ്ട് വലിയ ടേബിളുകൾ ചേർത്തുവച്ച് പ്ലാറ്റ്‌ഫോം ഒരുക്കിയാണ് ജോഡിയുടെ ശസ്ത്രക്രിയ നടത്തിയത്. കൂട്ടിൽ വച്ച് തന്നെ അനസ്തേഷ്യ നൽകിയ ശേഷമാണ് ജോഡിയെ മൃഗശാലയിലെ വെറ്ററിനറി സെന്ററിലേക്ക് മാറ്റിയത്. ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനായുള്ള ഇലക്ട്രോ കീമോതെറാപ്പി ചെയ്യുന്നതിന് മുൻപ്, ട്യൂമറും അതോടൊപ്പം കേടുവന്ന താടിയെല്ലിന്റെ ഭാഗവും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ അവസാന പരിശോധനയിലും ജോഡിയ്ക്ക് ക്യാൻസറിന്റെ ലക്ഷണങ്ങളൊന്നും വീണ്ടും കണ്ടെത്തിയിട്ടില്ല. യൂണിവേഴ്സിറ്റി ഒഫ് ലിവർപൂളിലെ ക്യാൻസർ വിദഗ്ദ്ധരുമായി സഹകരിച്ചായിരുന്നു ജോഡിയുടെ ചികിത്സ.
ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പാണ് ജോഡി ഉൾപ്പെടുന്ന റെറ്റിക്കുലേറ്റഡ് പൈത്തണുകൾ. 20 - 28 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 175 കിലോഗ്രാം വരെ ഭാരമുണ്ടാകും. വളഞ്ഞ പല്ലുകൾ കൊണ്ട് ഇരയെ കടിച്ചെടുത്ത ശേഷം ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിക്കുന്നതാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |