
വാഷിംഗ്ടൺ: വെടിനിറുത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ പിൻവലിച്ച നാവിക ഉപരോധം പുനഃസ്ഥാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നാവിക ഉപരോധം പുനഃസ്ഥാപിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന കാവൽ മാലാഖയായി അമേരിക്ക നിലകൊള്ളുമെന്നും ഇതിനായി മറ്റ് രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം തങ്ങളുടെ അനുമതിയില്ലാതെ യു.എസ് സൈന്യം ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ നീക്കം ഇറാനെതിരായ യുദ്ധമായി കണക്കാക്കുമെന്നും ടെഹ്‌റാൻ വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിനും വിവിധ രാജ്യങ്ങളിൽ ഊർജ്ജ പ്രതിസന്ധിക്കും ഇത് കാരണമായിരുന്നു. വെടിനിറുത്തലിന് ശേഷം അമേരിക്ക ആക്രമണം പുനരാരംഭിച്ചതിനെ തുടർന്നാണ് ഹോർമുസ് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |