
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യു.എസ് ടാങ്കർ യുദ്ധം പിടിമുറുക്കിയതിന് പിന്നാലെ,ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കമ്പനികളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്ത്. മേഖലയിൽ യു.എസ് ബന്ധമുള്ള എല്ലാ എണ്ണ,ഗ്യാസ് കമ്പനികളും തങ്ങളുടെ റഡാറിലാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യു.എസ് നേവി ഇറാനിയൻ എണ്ണ ടാങ്കറുകളെ ആക്രമിച്ചാൽ ഇവയ്ക്ക് നേരെയാകും തിരിച്ചടിയെന്നും ഖാലിബാഫ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ വീണ്ടും ആക്രമണങ്ങൾക്ക് വേദിയായാൽ പ്രതിസന്ധിയിലൂടെ നീങ്ങുന്ന ആഗോള ഊർജ്ജ വിപണിക്ക് ഇരട്ടി ആഘാതമാകും. എണ്ണ വിലയും കുത്തനെ കൂടും. ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് ഇന്നലെ 97 ഡോളർ കടന്നിരുന്നു.
ശനിയാഴ്ച ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ യു.എസും ഞായറാഴ്ച മൂന്ന് എണ്ണ ടാങ്കറുകൾ അടക്കം യു.എസ് ബന്ധമുള്ള ആറ് കപ്പലുകൾ ഇറാനും ആക്രമിച്ചിരുന്നു. ഇറാനിയൻ ടാങ്കറുകളെ നശിപ്പിക്കുമെന്ന് യു.എസ് വെല്ലുവിളിച്ച പശ്ചാത്തലത്തിലാണ് മിഡിൽ ഈസ്റ്റിനെ ഉന്നമിട്ടുള്ള ഇറാന്റെ പുതിയ ഭീഷണി.
നിരോധിത
മേഖല വരും
ഹോർമുസിന് സമീപം പുതിയ നിരോധിത മേഖല പ്രഖ്യാപിക്കാൻ ഇറാന്റെ നീക്കം. ഒമാൻ ഉൾക്കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ നീളുന്നതായിരിക്കും നിരോധിത മേഖല. ഇവിടേക്ക് ഇറാൻ സൈന്യത്തിന്റെ അനുവാദമില്ലാതെ കപ്പലുകളെ പ്രവേശിപ്പിക്കില്ല. ലംഘിക്കുന്ന കപ്പലുകളെ ഉപരോധപ്പട്ടികയിൽ പെടുത്തും. ഒമാനുമായി ചേർന്ന് അംഗീകരിച്ച ഹോർമുസിലെ സുരക്ഷിത ഷിപ്പിംഗ് പാത വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ദക്ഷിണ കൊറിയയ്‌ക്ക്
താക്കീത്
പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇടപെടാൻ വരേണ്ട എന്ന് ദക്ഷിണ കൊറിയയ്ക്ക് ഇറാന്റെ താക്കീത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യു.എസിന്റെ അഭ്യർത്ഥന മാനിച്ച് സൈന്യത്തെ അയക്കുന്നത് പരിഗണനയിലെന്ന് ദക്ഷിണ കൊറിയ അടുത്തിടെ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ വ്യക്തമാക്കി.
16 നാവികരെ
രക്ഷിച്ചു
ഇറാൻ ആക്രമണം നേരിട്ട സൗദിയുടെ സൂപ്പർ ടാങ്കർ 'സിദറിൽ"നിന്ന് 16 നാവികരെ രക്ഷിച്ച് ഒമാൻ. കഴിഞ്ഞ ആഴ്ച ഹോർമുസിൽ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. രണ്ട് ഫിലിപ്പീൻസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. 7 പേരെ കാണാതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |