
ന്യൂഡൽഹി:10 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി തെളിവെടുപ്പിനിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് കാലിൽ വെടിവച്ചുവീഴ്‌ത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടത്തിയ തെളിവെടുപ്പിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ചാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ സ്വയരക്ഷാർത്ഥം പ്രതിയുടെ മുട്ടിനുതാഴെ പൊലീസ് വെടിയുതിർത്തെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് തെരുവിൽ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിൽ 25കാരനായ ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിലായത്. ഡൽഹിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഒപ്പം കിടന്നുറങ്ങിയ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്‌സി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ച് നാല് മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
മെഹ്റോളിലെ സിഡിആർ ചൗക്കിനടുത്തുള്ള ഫുട്‌പാത്തിന് സമീപത്തുനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഗുരുഗ്രാം ഭാഗത്തെത്തിച്ച് ബലാംത്സംഗം ചെയ്‌തശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിനൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബീഹാർ സ്വദേശികളായ പെൺകുട്ടിയും കുടുംബവും നേരത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തീരെ നിവൃത്തിയില്ലാതെ വന്നതോടെയാണ് നാലുമക്കളെയും കൂട്ടി മാതാപിതാക്കൾ തെരുവിലേക്കിറങ്ങിയത്. വഴിയോരത്ത് ബലൂൺ കച്ചവടം നടത്തിയാണ് കൊല്ലപ്പെട്ട പത്തുവയസുകാരി മാതാപിതാക്കളെ സഹായിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |