SignIn
Kerala Kaumudi Online
Sunday, 11 October 2026 3.29 AM IST

യുവാവിനെയും വളർത്തമ്മയെയും മർദ്ദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

കൊച്ചി: നായരമ്പലത്തെ വീട്ടിൽ നിന്ന് വയോധികയായ വളർത്തമ്മയ്ക്കൊപ്പം തോപ്പുംപടിയിലേക്ക് പോയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികയുടെ സഹോദരിയുടെ മകൻ നായരമ്പലം സ്വദേശി ഷെമീർ (30), കടവന്ത്ര ജി.സി.ഡി.എ കോളനി കൂതപ്പള്ളി പറമ്പിൽ വിപിൻ ബിജു (24) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്.

പള്ളുരുത്തി എസ്.എൻ ജംഗ്ഷൻ ഡി.എൽ.ബി ക്വാർട്ടേഴ്സ് ലെയ്‌ൻ ചെറുകാട്ട് പറമ്പിൽ വിനോദിനെയും വളർത്തമ്മയെയുമാണ് വൈപ്പിൻ കാളമുക്ക് ജംഗ്ഷനിൽ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. വയോധിക കടമായി സഹോദരിക്ക് നൽകിയ 50000 രൂപ അടുത്തിടെ തിരികെ ചോദിച്ചതാണ് ഷെമീറിനെ പ്രകോപിപ്പിച്ചത്. വിനോദിന്റെ പ്രേരണയെ തുടർന്നാണ് പണം തിരികെ ചോദിച്ചതെന്ന തെറ്റിദ്ധാരണയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

നായരമ്പലത്ത് നിന്ന് തോപ്പുംപടിയിലെ വിനോദിന്റെ വീട്ടിലേക്ക് താമസം മാറ്റാൻ വളർത്തമ്മ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ട്സാധനങ്ങളും കയറ്റി പോയ വാഹനം കളമുക്ക് ജംഗ്ഷനിൽ തടഞ്ഞ പ്രതികൾ വിനോദിനെ മ‌ർദ്ദിച്ചു. തടയാൻ ശ്രമിച്ച വയോധികയ്‌ക്കും മർദ്ദനമേറ്റു. ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം നായരമ്പലത്ത് തിരിച്ചെത്തിച്ച് സാധനങ്ങൾ ഇറക്കി. മർദ്ദനത്തിനിടെ തന്റെ സ്വർണമാലയും വളർത്തമ്മയുടെ ആധാരവും വീട്ടു സാധനങ്ങളും പ്രതികൾ കവർന്നതായി വിനോദ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. സൈബ‌ർസെല്ലിന്റെ സഹായത്തോടെയാണ് മുളവുകാട് എസ്.ഐ ഒ. നസീമിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY