കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ ആഡംബര കാറോടിച്ച് നെടുമ്പാശേരിയിൽ മൂന്നു പേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. 23 വയസ് തികയുന്നതിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ.
23 വയസ് തികയാത്ത പ്രതികൾക്ക് മദ്യം നൽകിയതിന് വൈറ്റില, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. ബാർ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മിഷണർക്ക് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
അപകടദിവസം രാത്രി സുഹൈൽ മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. നെടുമ്പാശേരിയിലെ ഹോട്ടൽ മാരിയറ്റിലാണ് അവസാനമെത്തിയത്. നാലംഗസംഘം 11.30 മുതൽ കുടി തുടങ്ങി. 1.30ന് ഇവിടെ നിന്നിറങ്ങി കാറുമായി പായുമ്പോഴായിരുന്നു അപകടം.
വിമാനത്താവളത്തിനടുത്ത് സുവർണോദ്യാനം ബയോളജിക്കൽ പാർക്കിനുസമീപം ഞായറാഴ്‌ച പുലർച്ചെ 1.40നായിരുന്നു അപകടം നടന്നത്. വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക, പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.
'ഇഹ ഡിസൈൻസ്" വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകൻ സുഹൈൽ സജീവ്, ആലപ്പുഴ കൊമ്മാടി പാലപ്പറമ്പിൽ വീട്ടിൽ നിനവ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ എസ്. ആന്റോ (19), അമീൻ ഷാ (19) എന്നിവരും അറസ്റ്റിലായിരുന്നു. നാലുപേരെയും നിലവിൽ കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ദുർഗുണ പരിഹാര പാഠശാലയിലാണ് പാർപ്പിച്ചിരിക്കുന്നത്.
The Excise Department has registered a case against Suhail Sajeev for consuming alcohol before turning 23, following the fatal high-speed car accident in Nedumbassery that killed three people. Officials plan to question him. Excise cases have also been filed against bars in Vyttila, Palarivattom and Nedumbassery for serving alcohol to underage customers, with possible licence cancellations under consideration.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |