
തൃശൂർ: പദ്മശ്രീ ജേതാവും മൃദംഗ വിദ്വാനുമായ ഗുരുവായൂർ ദൊരൈ (91) ചെന്നൈയിൽ അന്തരിച്ചു.
ഗുരുവായൂർ സ്വദേശിയായ ദൊരൈ, എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കിയാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എട്ടു പതിറ്റാണ്ടിലേറെ എം.എസ്.സുബ്ബുലക്ഷ്മി, മുസിരി സുബ്രഹ്മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, സെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം.ഡി.രാമനാഥൻ, എം.ബാലമുരളീകൃഷ്ണ, ടി.ആർ.മഹാലിംഗം തുടങ്ങിയ അതികായന്മാരുടെയെല്ലാം കച്ചേരികൾക്ക് മൃദംഗം വായിച്ച്
രംഗത്ത് നിറഞ്ഞുനിന്നു. കൃഷ്ണണ അയ്യരുടെയും മീനാക്ഷി അമ്മാളുവിന്റെയും മകനായി 1935 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ പോളിയോ ബാധിതനായി പഠനം മുടങ്ങിയതോടെ പിതാവാണ് മൃദംഗപഠനത്തിലേക്ക് വഴി തിരിച്ചുവിട്ടത്.
പാലക്കാട്ട് സുബ്ബയ്യർ, ഇ.പി.നാരായണ പിഷാരടി എന്നിവരുടെ കീഴിലായിരുന്നു ശിക്ഷണം. 1949ൽ പളനി സുബ്രഹ്മണ്യം പിള്ളയുടെ ശിഷ്യനായി ചെന്നൈയിലേക്കെത്തി. അവിടെ ഒൻപതു വർഷം ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. പുതുക്കോട്ട ശൈലിയിൽ അഗ്രഗണ്യനായി.
നിറംകുടം എന്ന ചിത്രത്തിൽ നക്ഷത്രദീപങ്ങൾ തിളങ്ങിയെന്ന ഗാനത്തിൽ മൃദംഗം വായിച്ചു. 2025ൽ പദ്മശ്രീ നേടി. സംഗീത നാടക അക്കാഡമി അവാർഡ്, ടാഗോർ രത്‌ന പുരസ്‌കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി എന്നീ പുരസ്കാരങ്ങൾ നേടി. ഭാര്യ : സീത ദൊരൈ. മക്കൾ : കണ്ണൻ (പരേതൻ), ഉഷ (നൃത്താദ്ധ്യാപിക). സംസ്കാരം മൈലാപ്പൂർ ക്രിമറ്റോറിയത്തിൽ ഇന്ന് രാവിലെ ഒമ്പതരയ്ക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |