
കൽപ്പറ്റ: വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന കളളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണം അനിശ്ചിതത്വത്തിൽ. നിർമ്മാണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. തുരങ്കപാതാ മുഖമായ വയനാട്ടിലെ കളളാടിയിൽ ജൂലായ് ഏഴിനുണ്ടായ മണ്ണിടിച്ചലിനെ തുടർന്നാണ് നിർമ്മാണം നിറുത്തി വച്ചത്.ദുരന്തത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റി. മാറിത്താമസിക്കേണ്ടി വന്നവർ അമിത വാടക നൽകി വാടക വീടുകളിലാണ് കഴിയുന്നത്. ഇവരുടെ വാടക സർക്കാർ നൽകിയില്ല. പൂർണമായി വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം ലഭിച്ചതുമില്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി.ഡി.സതീശൻ തുരങ്കപാതയ്ക്ക് എതിരായിരുന്നു. ഈ സാഹചര്യത്തിൽ, സർക്കാരിന്റെ തീരുമാനം പ്രധാനമാണ്.
തുരങ്കപാതാ മുഖത്ത് നിന്ന് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തിട്ടില്ല.മണ്ണ് നീക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രൊഫ. സന്തോഷ്
ജി. തമ്പി, പരിസ്ഥിതി ഡയറക്‌ടറേറ്റ് എൻജിനീയർ ഡോ: ജൂഡ് എന്നിവരെയും ,തുരങ്കപാത നിർമ്മാണ സാദ്ധ്യത പഠിക്കാൻ ഭൗമ ശാസ്ത്രജ്ഞൻ ഡോ:സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുളള വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സ്ഥലം സന്ദർശിച്ച് ഇവർ പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. തുരങ്ക പാതനിർമ്മാണം ആരംഭിക്കണമെന്ന് കോൺഗ്രസ് നിയന്ത്രണത്തിലുളള മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. തുരങ്കപാതയുടെ വയനാട് മുഖമായ വെളളരിമല ഉൾപ്പെടുന്ന പ്രദേശം അതീവ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ആഗസ്റ്റ് 31ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മാർച്ച് മൂന്നിന് പാറ തുരക്കൽ ആരംഭിച്ചു.താമരശ്ശേരി ചുരത്തിന് ബദൽ പാതയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |