
തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മിൽമയ്‌ക്ക് 2,559.71 കോടി രൂപയുടെ വിറ്റുവരവ്. 2026 - 27 സാമ്പത്തിക വർഷത്തിലെ പാലുൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ വിറ്റുവരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 15.09 ശതമാനത്തിന്റെ വളർച്ചയുണ്ടായി. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 2,224.12 കോടിയായിരുന്നു വിറ്റുവരവ്.
മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകൾ ചേർന്ന് 2,328.87 കോടിയുടെ വിറ്റുവരവ് നേടി. ഫെഡറേഷന് കീഴിലുള്ള ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പന്ന വില്പനയിലൂടെ 230.84 കോടി രൂപയും ലഭിച്ചു. മുൻവർഷം ഇതേ കാലയളവിൽ തിരുവനന്തപുരം യൂണിയന്റെ ആകെ വിറ്റുവരവ് 635.89 കോടിയായിരുന്നു. ഇപ്പോഴത് 746.21 കോടിയായി. എറണാകുളം യൂണിയന്റെ വിറ്റുവരവ് മുൻവർഷത്തെ 515.79 കോടിയിൽ നിന്ന് 571.04 കോടി രൂപയായി. മലബാർ റീജിയണൽ യൂണിയന്റെ വിറ്റുവരവ് 855.24 കോടിയിൽ നിന്ന് 1,011.62 കോടിയായി.
പാൽ വില്പനയിൽ തിരുവനന്തപുരം യൂണിയണിൽ 589.8 കോടി രൂപയുടെ വിറ്റുവരവുണ്ടായി. വളർച്ച 13.86 ശതമാനം. എറണാകുളം യൂണിയൻ 6.32 ശതമാനം വളർച്ചയോടെ 444.64 കോടിയുടെ വിറ്റുവരവ് നേടി. മലബാർ യൂണിയൻ 712.22 കോടിയുടെ വിറ്റുവരവും നേടി. മിൽമയ്ക്ക് വിപണിയിലുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |