
ജാനകിയമ്മയുടെ ശബ്ദം മലയാളിയുടെ ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. എത്ര തലമുറകളാണ് ആ പാട്ടുകൾ കേട്ടത്. എന്റെ കുട്ടിക്കാലത്ത് യേശുദാസിന്റെയും ജാനകിയുടേയും പാട്ടുകൾ മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്. എന്റെ തലമുറയെ സിനിമയിലേക്ക് കൊണ്ടുവന്നതിനുപോലും ഈ പാട്ടുകൾക്ക് സ്ഥാനമുണ്ട്. മലയാളിയെ തന്റെ ശബ്ദമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ഗായികയാണ്. എന്റെ രണ്ടു സിനിമയിൽ ജാനകിയമ്മ പാടിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന സിനിമയിലാണ് ആദ്യം പാടിയത്. എന്നാൽ ഇത് സിനിമയിൽ ഉപയോഗിക്കാനായില്ല. മഴയെത്തുംമുമ്പേ എന്ന സിനിമയിലെ 'എന്നിട്ടും നീ വന്നില്ലല്ലോ" എന്ന ഗാനം സൂപ്പർ ഹിറ്റായി. അത് ജാനകിയമ്മ വോയിസ് ബൂത്തിനകത്ത് പാടുന്നത് കേൾക്കാൻ ഭാഗ്യമുണ്ടായി. വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു. ചെന്നൈയിൽ പോകുമ്പോൾ കണ്ടുസംസാരിക്കുകയും ചെയ്തിരുന്നു. ഡിവൈൻ ഫീലാണ് അമ്മയെ കാണുമ്പോൾ. കൃത്യമായ നിലപാട് ഉണ്ടായിരുന്നു. സിനിമയുടെ ഒരു രാഷ്ട്രീയത്തിലും ഇടപെടാതെ സംഗീത ജീവിതം നയിച്ച മഹദ് വ്യക്തിത്വമായിരുന്നു. വീണ്ടും പാടാൻ അവസരമുണ്ടായിട്ടും സ്വരം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പാട്ടു നിറുത്തിയ വ്യക്തിയാണ്. അതിനുശേഷം കൊടുങ്ങല്ലൂർ വച്ച് ഭാസ്കരൻ മാഷിന്റെ പേരിലുള്ള പുരസ്കാരം കൊടുത്തു. അന്ന് പ്രസംഗിച്ചശേഷം തളിരിട്ട കിനാക്കൾ എന്ന പാട്ട് രണ്ടുവരി പാടി. തനിക്ക് ബാബുരാജിനെയും ഭാസ്കരൻ മാഷിനെയും ഓർക്കുമ്പോൾ പാടാതിരിക്കാനാകില്ലെന്ന് പറഞ്ഞ് നിറകണ്ണുകളോടെയാണ് പാടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |