
നവരാത്രിക്കാലം. ബൊമ്മക്കൊലു നിരത്തിവച്ച വീട്ടിലേക്ക് അച്ഛനൊപ്പം ഒരു കൊച്ചു മലയാളി പെൺകുട്ടി കയറിവരുന്നു. തന്റെ പ്രിയപ്പെട്ട ഗായികയെ നേരിൽക്കണ്ട ആവേശത്തിൽ അവൾ ഒരു കീർത്തനം പാടുന്നു. ആ പാട്ട് കേട്ടത് എസ്.ജാനകി എന്ന ഗായികയായിരുന്നു. പാടിയ ആ കുട്ടി കെ.എസ്.ചിത്രയും. തന്റെ പിന്നണിഗാന ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ ജാനകിയമ്മ പറഞ്ഞ ഒരു വാചകമുണ്ട് എനിക്കുവേണ്ടി ഇനി എന്റെ മകൾ പാടും. ആദ്യ കൂടിക്കാഴ്ചയിലെ കീർത്തനം അന്നേ അമ്മയുടെ മനസിലൊരു തുടർച്ചയായി പതിഞ്ഞിരുന്നിരിക്കണം.
ഗുരുശിഷ്യ ബന്ധത്തിനപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും. സ്റ്റേജിലും റെക്കോർഡിംഗിലും ശ്രദ്ധക്കേണ്ട സൂക്ഷ്മതകൾ ജാനകിയമ്മ ചിത്രയ്ക്ക് പറഞ്ഞുകൊടുത്തു, തിരുത്തിക്കൊടുത്തു.
ഒരിക്കൽ ശ്രീലങ്കയിലെ ഒരു പര്യടനത്തിനിടെ ജാനകിയമ്മയുടെ ബാഗേജ് വിമാനത്തിലെത്താതെ വന്നപ്പോൾ, സ്വന്തം പെട്ടിയിൽ നിന്ന് സാരിയും മറ്റും എടുത്തുകൊടുത്തത് ചിത്രയായിരുന്നു. അന്ന് വേദിയിൽ കയറും മുൻപ് ജാനകിയമ്മ പറഞ്ഞു ഞാൻ ഉടുത്തിരിക്കുന്ന സാരി മുതൽ തൊട്ടിരിക്കുന്ന പൊട്ടു വരെ എന്റെ മകളുടേതാണ്. ജാനകിയമ്മ പാടിയ പല ഗാനങ്ങളും പിന്നീട് വേറൊരു ഭാഷയിലോ പതിപ്പിലോ ചിത്ര പാടിയിട്ടുണ്ട്. 2016ൽ, തന്റെ സ്വരമാധുരി ആരാധകർക്ക് ഇഷ്ടപ്പെടുന്ന ഘട്ടത്തിൽ, ജാനകിയമ്മ പിന്നണിഗാന രംഗത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചു. മലയാള സിനിമയിൽ അവസാനമായി പാടിയത് പുതുമുഖ സംഗീതസംവിധായകൻ മിഥുൻ ഈശ്വർ ഒരുക്കിയ 'അമ്മപ്പൂവിന്' എന്ന താരാട്ടുപാട്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ ഉള്ളിൽ കൃഷ്ണൻ പറഞ്ഞെന്ന് അവർ പറഞ്ഞു ഇത്രമതി, ഇനി വേണ്ട. ആരാധകരുടെ ആയിരക്കണക്കിന് അഭ്യർത്ഥനകൾക്കും ആ തീരുമാനം മാറ്റാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |