
തൃശൂർ: അച്ഛന്റെ കൈയും പിടിച്ച്, നിരത്തിലൂടെ കാഴ്ച കണ്ട് നടന്നിരുന്ന കുഞ്ഞു ഇയ്യ ഒടുവിൽ കൊടുമുടിയുടെ മുകളിൽ. എരവിമംഗലം എടത്തട്ട് വീട്ടിൽ കൃഷ്ണരാജിന്റെയും അരുണ വേണുഗോപാലിന്റെയും മകളായ ഇയ്യ നാലായിരത്തിലേറെ മീറ്റർ ഉയരമുള്ള മൊറോക്കോയിലെ അറ്റ്‌ലസ് പർവതനിരകളിലെ മൗണ്ട് ടൂബ് കാൽ കീഴടക്കുന്ന ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയായി.സാഹസയാത്രകൾ ഹരമായ അച്ഛനൊപ്പം കൂടുകയായിരുന്നു മകളും. നാലര വയസ് മുതൽ മാതാപിതാക്കളോടൊപ്പമുള്ള വിനോദയാത്രകൾ ഹരമായിരുന്നു. അഞ്ചാം വയസിൽ യു.എ.ഇയിലെ ഉയർന്ന കൊടുമുടി 'ജെബൽ ജൈസ്' കയറി. അതു കീഴടക്കിയ പ്രായം കുറഞ്ഞ ഇന്ത്യാക്കാരിയെന്ന നേട്ടവുമായാണ് മടങ്ങിയത്.
ആഫ്രിക്കയിലെ കിളിമഞ്ചാരോയിലായിരുന്നു അടുത്ത നോട്ടം. പക്ഷേ പത്ത് വയസാകണം അനുമതി കിട്ടാൻ. അങ്ങനെയാണ് മൈനസ് 12 ഡിഗ്രി തണുപ്പിൽ, വടക്കേ ആഫ്രിക്കൻ കൊടുമുടി 'മൗണ്ട് ടൂബ് കാൽ' കയറാൻ തീരുമാനിച്ചത്. തണുപ്പ് അസഹ്യമായതോടെ, 600 മീറ്റർ ഉയരത്തിൽ ആദ്യയാത്ര അവസാനിപ്പിച്ചു. രണ്ടാം ദൗത്യത്തിൽ പർവതത്തിന് മുകളിൽ ഇന്ത്യയുടെ പതാക പാറിക്കുമ്പോൾ, എട്ട് വയസും മൂന്ന് ദിവസമായിരുന്നു പ്രായം. കുത്തനെയുള്ള ദുഷ്‌കരമായ പാതകൾ, കഠിനമായ തണുപ്പ് എല്ലാം നിറഞ്ഞതായിരുന്നു യാത്രയെന്ന് ഇയ്യ പറയുന്നു.
ശാരീരികക്ഷമതയും പരിശീലനവും ആവശ്യമായ ഈ മലകയറ്റം 'ഗ്രീൻവേ അഡ്വഞ്ചേഴ്‌സ് ട്രാവൽ ടൂറിസം' എന്ന ഏജൻസിയുടെ ഗൈഡുമാരുടെ മേൽനോട്ടത്തിലായിരുന്നു. റെക്കാഡ് സ്ഥിരീകരിക്കാൻ അന്താരാഷ്ട്ര റെക്കാഡ് ഏജൻസികളെ വിവരമറിയിച്ചു. കുടുംബത്തോടൊപ്പം യു.എ.ഇയിലാണ് താമസം. മാതാപിതാക്കൾക്ക് മറൈൻ കമ്പനിയിലാണ് ജോലി. ആസ്ത ജയ് അനുജത്തിയാണ്. യു.എ.ഇയിലെ ഫുജൈറയിലെ റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
നേട്ടം ഇങ്ങനെ
#മൊറോക്കോയിലെ മൗണ്ട് ടൂബ് കാൽ കീഴടക്കുന്ന പ്രായം കുറഞ്ഞ ഏഷ്യക്കാരി
പ്രായം: 8 വയസ് 3 ദിവസം
ഉയരം: 4,167 മീറ്റർ (13,671 അടി)
തീയതി: 7 ജൂലായ് 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |