തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പത്രത്തിന്റെ റസിഡന്റ് എഡിറ്റർ എം സ്വരാജ്. ദേശാഭിമാനി ഏത് വാർത്തയാണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മറ്റ് മാദ്ധ്യമങ്ങളല്ലെന്നും എല്ലാ പത്രത്തിന്റെയും ഡെസ്‌കിൽ നടക്കുന്ന കാര്യങ്ങൾ മാത്രമേ ദേശാഭിമാനിയിലും നടന്നിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നാടകക്കാരനായ വിജയകുമാറിനെക്കുറിച്ചുള്ള ലേഖനമല്ല വാരാന്തപ്പതിപ്പ് ഒഴിവാക്കാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രത്തിന്റെ ആദ്യത്തെ പേജിന് പുറമെ അവസാനത്തെ പേജിലും വിഎസിന്റെ അനുസ്‌മരണം ഉൾപ്പെടുത്താൻ എഡിറ്റോറിയൽ ബോർഡ് അവസാനനിമിഷത്തിൽ തീരുമാനിച്ചതിനാലാണ് വാരാന്തപ്പതിപ്പ് ഒരു ദിവസം വൈകിയതെന്നും എം സ്വരാജ് വിശദീകരിച്ചു.
'എല്ലാ മാദ്ധ്യമങ്ങളുടെയും ഡെസ്‌കിൽ നടക്കുന്ന കാര്യങ്ങൾ ഇത്തരത്തിൽ വിവാദമാകാറുണ്ടോ. നിങ്ങളുടെ ഡസ്‌കിൽ എന്തെല്ലാം നടക്കാറുണ്ട്. എല്ലാ വാർത്തകളും നിങ്ങൾ കൊടുക്കാറുണ്ടോ. അത്തരം കാര്യങ്ങളെച്ചൊല്ലി നിങ്ങളുടെ ഡെസ്‌കിൽ രൂക്ഷമായ തർക്കങ്ങൾ ഉണ്ടായിട്ടില്ലേ. ആ തർക്കങ്ങൾ സംഘർഷങ്ങളാവുകയും അതേതുടർന്ന് ചിലർ രാജിവയ്‌ക്കുകയും ചെയ്‌തിട്ടില്ലേ. അതൊക്കെ ഞങ്ങൾ വാർത്തയാക്കുന്നില്ലല്ലോ. കാരണം, അതൊക്കെ ഒരു മാദ്ധ്യമത്തിന്റെ ഡെസ്‌കിനകത്ത് നടക്കുന്ന സ്വാഭാവികമായ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാണ്. ഏത് മാദ്ധ്യമത്തിനും അതിന് അവകാശമുണ്ട്. ദേശാഭിമാനി എന്തുകൊടുക്കരുതെന്നും എന്തുകൊടുക്കണമെന്നും തീരുമാനിക്കേണ്ടത് നിങ്ങളല്ല. അതിന് ഞങ്ങൾക്കൊരു സംവിധാനമുണ്ട്. ഞങ്ങൾ തീരുമാനിക്കും.
ഒരു നാടകക്കാരനെ സംബന്ധിച്ച ലേഖനം ഞങ്ങളുടെ മുന്നിലുള്ള വിഷയമേയില്ല. സാധാരണ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിറങ്ങുമ്പോൾ ആദ്യ പേജിൽ പ്രത്യേകമായി നിശ്ചയിക്കപ്പെട്ടൊരു സ്റ്റോറിയുണ്ടാകും. മറ്റ് പേജുകളിൽ സ്ഥിരം പംക്തികളും ഉണ്ടാകും. എന്നാൽ, വിഎസിന്റെ ചരമദിനത്തിന് മുൻപായി ഇറങ്ങുന്ന ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിൽ വിഎസുമായി ബന്ധപ്പെട്ട അനുസ്‌മരണം തന്നെയായിരിക്കണം മുഖ്യയിനമെന്ന് തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ പേജ് അങ്ങനെതന്നെ തയ്യാറാക്കി. എന്നാൽ അവസാനപേജിലും വിഎസിനെക്കുറിച്ചുള്ള വാർത്തകൾതന്നെ മതിയെന്ന് അവസാനനിമിഷം എഡിറ്റോറിയൽ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ അത്തരത്തിൽ തയ്യാറാക്കി. അത് ഒരുദിവസം വൈകിയത് ഇപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ കൊണ്ടുതന്നെയാണ്. മറ്റൊന്നും പ്രസക്തമായ കാര്യമല്ല'.- എം സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |