
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പാചക തൊഴിലാളികൾ പ്രതിസന്ധിയിൽ. ഒരു സ്കൂളിൽ 500 കുട്ടികൾക്ക് മുകളിൽ രണ്ട് പാചക തൊഴിലാളികൾ എന്നാണ് സർക്കാർ നിശ്ചയിച്ച അനുപാതം. അതോടെ 500ൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ ഒരു പാചക തൊഴിലാളിക്ക് വീതം തൊഴിൽ നഷ്ടമായ സ്ഥിതിയാണ്. സംസ്ഥാനത്ത് ഒട്ടാകെ ഇത്തവണ 119 പേരാണ് പുറത്തായത്. തൊഴിൽ നഷ്ടമുണ്ടായ തൊഴിലാളികൾ കൂടുതലുള്ളത് കൊല്ലത്താണ്. എന്നാൽ 500 കുട്ടികൾക്ക് വരെ രണ്ട് പാചക തൊഴിലാളികളെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടാതെ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ഓണറേറിയം നൽകുമെന്ന ധാരണയും പാലിക്കപ്പെടുന്നില്ല. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂൾ പാചക തൊഴിലാളികളുടെ ഓണറേറിയം മുടങ്ങിയ സ്ഥിതിയാണ്. നിലവിൽ ഓണം ബോണസായി ഓരോ തൊഴിലാളിക്കും 20 ദിവസത്തെ വേതനം, ആഗസ്റ്റ് മാസത്തെ ശമ്പളം ഓണം ബോണസിനൊപ്പം നൽകുക എന്നീ ആവശ്യങ്ങൾ സംഘടനകൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അവയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തൊഴിലാളികൾ.
തൊഴിൽ നഷ്ടം ഇങ്ങനെ:
കൊല്ലം 14
തിരുവനന്തപുരം 13
ആലപ്പുഴ 11
പത്തനംതിട്ട 11
കോട്ടയം 10
ഇടുക്കി 4
എറണാകുളം 11
തൃശൂർ 10
പാലക്കാട് 11
മലപ്പുറം 2
കണ്ണൂർ 7
കോഴിക്കോട് 7
വയനാട് 2
കാസർകോട് 6
# പൊതു വിദ്യാലയങ്ങളിൽ ആകെ 1,31,368 കുട്ടികൾ കുറഞ്ഞു
# ഒന്നാം ക്ളാസ് പ്രവേശനത്തിൽ 31,481 കുട്ടികൾ കുറഞ്ഞു
പുതിയ സർക്കാർ വന്നിട്ടും പാചക തൊഴിലാളികൾക്ക് നിരാശയാണ്. ജോലി സ്ഥിരത, ഓണറേറിയം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല.
ഹബീബ് സേട്ട്, സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |