തിരുവനന്തപുരം: 'ഓപ്പറേഷൻ പാർപ്പിടം' എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും. കെട്ടിട നിർമ്മാണ അനുമതിയും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണവുമായി ബന്ധപ്പെട്ട അഴിമതികൾ കണ്ടെത്താനാണിത്. 6 കോർപ്പറേഷനുകളിലും, 30 മുനിസിപ്പാലിറ്റികളിലും, 24 പഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഒരേ സമയം പരിശോധന.
കെട്ടിട നിർമ്മാണ അനുമതി , നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും അനുവദിക്കൽ, കെട്ടിട നികുതി നിർണയം എന്നിവയിൽ ക്രമക്കേടുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. അനധികൃത നിർമ്മാണങ്ങൾക്ക് യു.എ.സി നമ്പർ അനുവദിച്ച് നികുതി ഈടാക്കൽ, ക്രമവത്കരണ നടപടികൾ സ്വീകരിക്കൽ നടപടികളിൽ വൻ അഴിമതിയുണ്ടെന്ന വിവരം കിട്ടിയിരുന്നു. നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ അധികം നിലകൾ നിർമ്മിക്കുന്നതായും നിർബന്ധമായ സെറ്റ്ബാക്ക്, ഫ്‌ളോർ ഏരിയ റേഷ്യോ, കവറേജ്, പാർക്കിംഗ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതായും കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായും ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും അനുവദിക്കുന്നതായും വിവരം കിട്ടിയിരുന്നു. ചില സ്വകാര്യ കൺസൾട്ടൻസികൾ കൈക്കൂലി ഇടപാടിന് ഇടനിലക്കാരാവുന്നതായും വൻതുക ഡിജിറ്റലായി കൈമാറുന്നതായും ആരോപണമുണ്ട് വിജിലൻസിന്റെ 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |