SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

വഖഫ് ബോർഡിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

waqf

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ നയപരവും സുപ്രധാനവുമായ തീരുമാനങ്ങളെടുക്കരുത്. മൂലധന ചെലവുകളുണ്ടാക്കരുത്. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

പുതിയ നിയമപ്രകാരം കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസും (ആക്ട്‌സ്) ഫയൽചെയ്ത ഹർജികളാണ് പരിഗണിച്ചത്.
2025ലെ നിയമഭേദഗതി പ്രകാരം, മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങൾ വഖഫ് ബോർഡിൽ വേണം. രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിച്ചിട്ട് ബോർഡ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദീകരണത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും വഖഫ് ബോർഡിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമാന വിഷയങ്ങൾ പരിഗണനയിലുള്ളതിനാലാണ് മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കാതിരുന്നതെന്നും ബോധിപ്പിച്ചു.
സുപ്രീം കോടതിയിലെ കേസുകളിൽ ഇത്തരമൊരു തടസമോ വിലക്കോ ഇല്ലെന്നും അതിനാൽ ബോർഡിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.

പുനഃസംഘടിപ്പിക്കും
ഹർജിക്കാർ ഉന്നയിച്ച അപാകതകൾ പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു. 11 പേർ വേണ്ടിടത്ത് ഒമ്പത് പേർ മാത്രമാണ് ബോർഡിലുള്ളതെന്നും ബോർഡ് രൂപീകരണം നിയമാനുസൃതമല്ലെന്ന കാര്യത്തിൽ യോജിക്കുന്നുവെന്നും അഡ്വ. ജനറൽ ജാജു ബാബു അറിയിച്ചു. തുടർന്നാണ് ബോർഡിന്റെ പ്രവർത്തനത്തിന് കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA