ചേർത്തല: ജില്ലാ സ്‌കൂൾ കായികമേളയിൽ ചാമ്പ്യൻപട്ടം നിലനിർത്തി ആലപ്പുഴ ഉപജില്ല. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനിയിൽ നടന്ന മേളയിൽ 40 സ്വർണവും 31 വെളളിയും 24 വെങ്കലവും അടക്കം 347 പോയിന്റുനേടിയാണ് ആലപ്പുഴയുടെ വിജയം. 26 സ്വർണവും 31 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 258 പോയിന്റുനേടിയ ചേർത്തല ഉപജില്ല ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ആലപ്പുഴ തുടർച്ചയായി ഏഴാം തവണയും ചാമ്പ്യൻട്രോഫി ഉയർത്തിയത്. മറ്റു ഉപജില്ലകൾക്കൊന്നും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.
ആറു സ്വർണവും 11 വീതം വെളളിയും വെങ്കലവും നേടി 76 പോയിന്റുമായി മാവേലിക്കരയും, ആറു സ്വർണവും എട്ടുവെള്ളിയും 11 വെങ്കലവും അടക്കും 69 പോയിന്റുമായി തുറവൂരും മൂന്നും നാലും സ്ഥാനങ്ങൾ നേടി. അമ്പലപ്പുഴ നാലു സർണം നേടിയപ്പോൾ ചെങ്ങന്നൂരും ഹരിപ്പാടും കായംകുളവും ഓരോ സ്വർണം നേടി.വെളിയനാടിനും തലവടിക്കും മങ്കൊമ്പിനും സ്വർണം നേടാനായില്ല.
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ട്രോഫികൾ നൽകി. നഗരസഭ കൗൺസിലർ സി.ഡി ശങ്കർ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എം.ആർ. സുനിമോൾ, ചേർത്തല ഉപജില്ലാ ഓഫീസർ എൽ. ജയലക്ഷ്മി, അജു പി. ബഞ്ചമിൻ, വിനോദ് കുമാർ, നിനു വി.ദേവ്, രേഖകുമാരി തുടങ്ങിയവർ പങ്കെടുത്തു.
എസ്.ഡി.വി സ്കൂളിന്
അഭിമാനത്തിളക്കം
സ്‌കൂൾ തലത്തിൽ ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർസെക്കൻറിസ്‌കൂളിന് അഭിമാനത്തിളക്കം. ചേർത്തല ഉപജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളുയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് എസ്.ഡി.വി സ്‌കൂൾ സ്‌കൂൾതല ചാമ്പ്യന്മാരായത്. 11സ്വർണവും 12 വെള്ളിയും ആറു വെങ്കലവും അടക്കം 97 പോയിന്റാണ് നേടിയത്. 11 വീതം സ്വർണവും വെള്ളിയും അഞ്ചു വെങ്കലവും അടക്കം 90 പോയിന്റുമായാണ് കലവൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ രണ്ടാമതെത്തിയത്.
തൊട്ടുപിന്നിൽ 12 സ്വർണവും എട്ടുവെള്ളിയും അഞ്ചു വെങ്കലവും അടക്കം 89 പോയിന്റുമായി ആലപ്പുഴ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസും 12 സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും അടക്കം 86 പോയിന്റുമായി ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസും കടുത്ത മത്സരം തീർത്തു. ലിയോ തേർട്ടീന്ത് ഹയർസെക്കണ്ടറി സ്‌കൂൾ 69 പോയിന്റുനേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |