ആലപ്പുഴ: ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ് ) സ്വന്തമാക്കാൻ ഒരുങ്ങി കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇതിന്റെ ഭാഗമായി നിർണായകമായ ദേശീയ തലത്തിലുള്ള പരിശോധനകൾ തുടങ്ങി.
എൻ.ക്യു.എ.എസ് സംഘത്തിലെ ഡോ.ശരണപ്പ ഗാനിഗർ, ഡോ.വിശാൽ ജയ്സ്വാൾ,ഡോ.മദൻകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൂല്യനിർണയം.
സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കൾക്കും അമ്മമാർക്കും മികച്ചതും സുരക്ഷിതവുമായ ആരോഗ്യ പരിചരണം ഉറപ്പിക്കുന്ന 'ലക്ഷ്യ' പദ്ധതിയുടെയും നവജാതശിശുക്കൾക്കും കുട്ടികൾക്കും ലഭിക്കുന്ന ആരോഗ്യ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച 'മുസ്‌കാൻ' പദ്ധതിയുടെയും പരിശോധന സംഘം നടത്തും.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ, അത്യാഹിത വിഭാഗം, ശസ്ത്രക്രിയ മുറി, ഇൻ പേഷ്യന്റ്- ഔട്ട് പേഷ്യന്റ് സൗകര്യങ്ങൾ, പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങൾ, രോഗി സൗഹൃദ സേവനങ്ങൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ സംഘം വിലയിരുത്തും. ദേശീയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും സംഘം ഉറപ്പുവരുത്തും. 24 മണിക്കൂറും പരിശോധന നടക്കാൻ സാദ്ധ്യതയുള്ളതിനാൽ ആശുപത്രിയിലെ മുഴുവൻ വിഭാഗങ്ങളോടും എല്ലായ്പ്പോഴും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വികസനത്തിന് വഴിയൊരുക്കും
# താലൂക്ക്, ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച ശേഷമാണ് ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ദേശീയതലത്തിലുള്ള എൻ.ക്യു.എ.എസ് അന്തിമ പരിശോധനയ്ക്ക് യോഗ്യത നേടിയത്
# ദേശീയ അംഗീകാരം ലഭിച്ചാൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാകും
# സാധാരണക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ മികവുറ്റതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ അംഗീകാരം വഴിയൊരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ ദീപ്തി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |