കൊച്ചി: ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്... ഇത്രയും ഭാഷകളിലായി ഡോ. സന്തോഷ് അലക്‌സ് (55) പരിഭാഷപ്പെടുത്തിയത് വിശ്വസാഹിത്യകാരന്മാരുടെ 87 പുസ്തകങ്ങൾ. പരിഭാഷയിലേറെയും ഹിന്ദിയിലേക്ക്. വള്ളത്തോൾ, സച്ചിദാനന്ദൻ, ടാഗോർ, ജയന്ത് മഹാപത്ര, ഖലീൽ ജിബ്രാൻ, നെരൂദ, ബ്രെഹ്‌ത്, വിയറ്റ്നാമീസ് കവി കുയിൻഷീൻ ലീ തുടങ്ങിയവരെ ഹിന്ദി സാഹിത്യലോകത്ത് സുപരിചിതരാക്കിയതിൽ വലിയപങ്കുണ്ട് ഡോ. സന്തോഷിന്. തിരുവള്ളുവർ രചിച്ച തിരുക്കുറലിന്റെ ഹിന്ദി പരിഭാഷയും നിരാലയുടെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ഉടൻ പുറത്തിറങ്ങും.
ഡോ. സന്തോഷിന്റെ 'അനുവാദ് പ്രക്രിയ ഏവം വ്യവഹാരിക്ത" എന്ന കൃതി പോണ്ടിച്ചേരി, കാലടി സർവകലാശാലകളിലും കുസാറ്റിലും ട്രാൻസ്‌ലേഷൻ സ്റ്റഡീസിൽ പാഠപുസ്തകമാണ്.
കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ (സിഫ്റ്റ്) ഹിന്ദി ഓഫീസറാണ്. കുസാറ്റിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും തമിഴ്‌നാട്ടിലെ വി.ഐ.ടി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
തിരുവല്ലയാണ് സ്വദേശമെങ്കിലും അച്ഛൻ അലക്‌സാണ്ടർ മാത്യു ആന്ധ്രയിലെ കേന്ദ്രീയ വിദ്യാലയ ജീവനക്കാരനായിരുന്നതിനാൽ അവിടെയായിരുന്നു പഠനം.
ജയ് ആണ് ഭാര്യ. വിദ്യാർത്ഥികളായ ജയ്‌സൺ, ജെസിക, ജെറോം എന്നിവർ മക്കൾ.
മാധവിക്കുട്ടിയുടെ വാക്കുകൾ
ആവേശമായി
1993ൽ മാധവിക്കുട്ടിയുടെ 'കോലാട്" എന്ന കഥ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് തുടക്കം. വളരെ നന്നായെന്ന് അവർ പറഞ്ഞത് വലിയ ഊർജമായി. വൈക്കം മുഹമ്മദ് ബഷീർ മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ള 17 എഴുത്തുകാരുടെ കൃതികൾ ഹിന്ദിയിലേക്കു മൊഴിമാറ്റി. തെലുങ്ക് സാഹിത്യകാരന്മാരായ എൽ. ആർ. സ്വാമി, ശിവറെഡ്ഡി തുടങ്ങിയവരുടെ കൃതികൾ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി.
പുരസ്‌കാരങ്ങൾ
പണ്ഡിറ്റ് നാരായൺ ദേവ് പുരസ്‌കാർ (കേരള ഹിന്ദി സാഹിത്യ സമ്മേളൻ)
ദ്വിവഗീഷ് പുരസ്‌കാർ (ഭാരതീയ അനുവാദ് പരിഷത്ത്)
തലശേരി രാഘവൻ മാസ്റ്റർ പോയട്രി അവാർഡ് (മദ്രാസ് മലയാളി സമാജം)
സ്രിജൻലോക് യുവകവി സമ്മാൻ (ബീഹാർ)
സാഹിത്യരത്‌ന പുരസ്‌കാർ (ബംഗളൂരു)
പി.സി ജോഷി ശബ്ദ് സഡക് അനുവാദക് സമ്മാൻ (ന്യൂഡൽഹി)
വാലി ഒഫ് വേർഡ്‌സ്, ഡെറാഡൂൺ
പോയട്രി അവാർഡ് (ഇറ്റലി)
സോമലത ഉപാദ്ധ്യായ് ഹിന്ദി സേവി സമ്മാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |