SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

ശ്രീകണ്ഠപുരത്തെ 'ബെസ്' പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു; പദ്ധതി ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ

sunny-joseph
ശ്രീകണ്ഠപുരത്തെ നിർമ്മാണത്തിലിരിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചപ്പോൾ

ശ്രീകണ്ഠപുരം: പകൽ സമയം സൗരോർജ്ജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ (ബെസ്) ശ്രീകണ്ഠപുരത്തെ പദ്ധതി പ്രദേശം സന്ദർശിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് പ്രവൃത്തി പുരോഗതി വിലയിരുത്തി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിവിൽ പ്രവൃത്തികൾ 20 ശതമാനം പൂർത്തിയായതായും സെപ്റ്റംബറോടെ പ്രവൃത്തി കഴിയുമെന്നും പ്രവൃത്തി മേൽനോട്ടം വഹിക്കുന്ന എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് അധികൃതർ മന്ത്രിയെ അറിയിച്ചു. സിവിൽ പ്രവൃത്തി പൂർത്തിയായാൽ ഉടൻ പദ്ധതിയ്ക്ക് വേണ്ട ഉപകരണങ്ങൾ എത്തിക്കും. തുടർന്ന് ഒന്നര മാസത്തിനുള്ളിൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി ഡിസംബർ ആദ്യം വാരം കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിലാണ് (125 മെഗാവാട്ട്/500 എം.ഡബ്ല്യു.എച്ച് ശേഷി) വരുന്നത്. ഇതിന് പുറമെ, കാസർകോട്ടെ മുള്ളേരിയയിൽ 15 മെഗാവാട്ട്/ 60 എം.ഡബ്ല്യു.എച്ച് ശേഷിയുടെ മറ്റൊരു പദ്ധതിയും നിർമ്മാണ പാതയിലാണ്.

മന്ത്രിയോടൊപ്പം അഡ്വ. സജീവ് ജോസഫ് എം.എൽ.എ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഇ.വി രാമകൃഷ്ണൻ, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് ജനറൽ മാനേജർ അജയ് സെഹ്ഗാൾ, സീനിയർ മാനേജർ ശുഭദീപ് ഡെ, കെ.എസ്.ഇ.ബി ഡയറക്ടർ രാജൻ എം.പി, ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായ ആശ പി.എ, ബാബു പ്രജിത്ത് കെ.പി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ബിജു മോഹൻ കെ.എം, അനൂപ് പി.കെ തുടങ്ങിയവരും ഉണ്ടായിരുന്നു.

രാത്രിയിൽ 4 മണിക്കൂർ വൈദ്യുതി

40 മെഗാവാട്ട്/160 എം.ഡബ്ല്യു.എച്ച് ആണ് ശ്രീകണ്ഠപുരം പദ്ധതിയുടെ ശേഷി. രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനാണ് പദ്ധതിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുക. സർക്കാർ സ്ഥലം മാത്രം വിട്ടു നൽകി സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സർക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ. ശ്രീകണ്ഠപുരത്തെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനോട് അനുബന്ധിച്ചുള്ള ഭൂമിയിലാണ് ബെസ് പദ്ധതി പൂർത്തിയാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL