കണ്ണൂർ: മൃതദേഹ സംസ്കാരത്തിന് പ്രതിസന്ധി നേരിടുന്ന പയ്യാമ്പലം ശ്മശാനം ആറു കോടി രൂപ ചിലവിൽ നവീകരിക്കുന്നു. നവീകരണ പ്രവർത്തികൾ തുടങ്ങുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ പരമ്പരാഗത രീതികൾക്ക് മുൻഗണന നൽകി നടപടികൾ വേഗത്തിലാക്കാൻ ധാരണയായി.
അബുദാബി ആസ്ഥാനമായുള്ള ജമിനി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ കണ്ണൂർ സ്വദേശി കൈപ്രത്ത് പുന്നക്കൽ ഗണേഷ് ബാബുവിന്റെ കാരുണ്യഹസ്തത്തിലാണ് ആറ് കോടി രൂപ ചിലവഴിച്ച് ശാന്തിതീരം എന്ന് പേരിൽ ശ്മശാനം നവീകരിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പരമ്പരാഗത ശ്മശാനം പൂർണമായും പൊളിച്ച് മാറ്റും. ഇതിനു മുന്നോടിയായി തൊട്ടടുത്ത സ്ഥലത്ത് പരമ്പരാഗത രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള കളങ്ങൾ സജ്ജീകരിക്കുന്ന ജോലി ആരംഭിച്ചു. രണ്ട് കളങ്ങൾ നിർമ്മിച്ച് ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും മറ്റു കളങ്ങൾ നിർമിക്കുക. 12 കളങ്ങൾ ഒരുക്കിയ ശേഷം നിലവിലെ ശ്മശാനം പൂർണമായും പൊളിച്ചുനീക്കും.
ശ്മശാനത്തിന്റെ നവീകരണ പ്രവർത്തനത്തിന് രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു. കോർപ്പറേഷന്റെ അധീനതയിലുള്ള ചേലോറ ശ്മശാനത്തിൽ വൈദ്യുതി ശ്മശാനം ഏർപ്പെടുത്താനുള്ള സാഹചര്യം പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിജിൽ മാക്കുറ്റി, ഷമീമ, വി.കെ മുഹമ്മദലി, കൗൺസിലർമാരായ ടി. പ്രദീപ്, അനൂപ് ബാലൻ, ഉമേശൻ കണിയാങ്കണ്ടി, വി.കെ പ്രകാശിനി, പി. മഹേഷ്, സൂപ്രണ്ടിംഗ് എൻജിനീയർ എസ്. അനിത, സെക്രട്ടറി ആർ. രഹേഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ എം.സി ജസ്വന്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുസ്ലിഹ് മഠത്തിൽ, മനോജ് കുമാർ കൂവേരി, കെ.പി സുധാകരൻ, വെള്ളോറ രാജൻ, ടി.സി മനോജ്, കെ. അനീഷ് കുമാർ, കെ. രാധാകൃഷ്ണൻ, ജെമിനി ഗ്രൂപ്പ് പ്രതിനിധികളായ സുനിൽ പോള, സി. അർജുൻ, പി.വി അനുരുദ്ധൻ, പി.വി രഘുനാഥ്, ജയദേവൻ മാൽഗുഡി എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരം
ഒമ്പതു മാസം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തീകരിക്കും. ആധുനിക സംവിധാനത്തിൽ പുക മലിനീകരണ തോത് പരമാവധി കുറയുന്നത് പ്രദേശവാസികൾ കാലാകാലങ്ങളായി ഉന്നയിക്കുന്ന പ്രതിഷേധത്തിന് പരിഹാരമാകും. ഗ്യാസ് ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കുന്നതിനുള്ള സംവിധാനവും ശ്മശാനത്തിന്റെ പ്രത്യേകതയാണ്.
മൃതദേഹ സംസ്കാരം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനിവാര്യ ചുമതലയാണ്. ആയതിനാൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ അതത് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ശ്മശാനങ്ങൾ ഉപയോഗപ്പെടുത്തി പയ്യാമ്പലം ശ്മശാനത്തിലെ സംസ്കാരം നിയന്ത്രിക്കുന്നതിന് എല്ലാവരും സഹകരിക്കണം.
മേയർ അഡ്വ. പി. ഇന്ദിര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |