കണ്ണൂർ: കണ്ണൂർ ദസറയുടെ സമാപനത്തോടനുബന്ധിച്ച് ഡ്രോണുകൾ അണിനിരത്തി ആകാശത്ത് വർണ വിസ്മയം തീർക്കുമെന്ന് കോർപറേഷൻ പ്രഖ്യാപിച്ച ഡ്രോൺ ഷോ വൻ പരാജയമെന്ന് ആക്ഷേപം. ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി പത്ത് മിനിറ്റ് കൊണ്ട് അവസാനിക്കുകയായിരുന്നു. ഡ്രോൺ ഷോ കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾക്ക് വൻനിരാശയായിരുന്നു. വ്യാഴാഴ്ച രാത്രി 11ന് ആരംഭിച്ച ഷോ യാതൊരു പുതുമയുമില്ലാതെ പെട്ടെന്ന് അവസാനിപ്പിച്ചതോടെ വിസ്മയം കാണാനെത്തിയവർ നിരാശരായി മടങ്ങി.
കേരളത്തിൽ ആദ്യമായി കണ്ണൂരിൽ ഡ്രോൺ ഷോ സംഘടിപ്പിക്കുമെന്ന് ദസറയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതിനാൽ വലിയ ആകാംക്ഷയോടെയാണ് ജനസഞ്ചയം സ്റ്റേഡിയത്തിലേക്ക് എത്തിയത്.
മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന പ്രമുഖ സംഘമാണ് കണ്ണൂരിലും പരിപാടി അവതരിപ്പിക്കുന്നതെന്നായിരുന്നു മേയർ അവകാശപ്പെട്ടിരുന്നത്. എന്നാൽ 500 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് വിസ്മയം തീർക്കുമെന്ന് പറഞ്ഞിടത്ത്, വെറും ഒരു ആന, ഒരു തെങ്ങ്, കുതിര, പക്ഷികൾ തുടങ്ങി വളരെ ലളിതമായ ചില രൂപങ്ങൾ മാത്രമാണ് ആകാശത്ത് തെളിഞ്ഞത്. മിനിറ്റുകൾക്കകം ഇതും നിലച്ചതോടെ നിരാശയിലായ ആളുകൾ കോർപറേഷനെതിരെ തിരിഞ്ഞു.
ഡ്രോൺ ഷോയ്ക്കെത്തിയ ജനത്തിരക്കു കാരണം ബുധനാഴ്ച അർദ്ധരാത്രി കഴിഞ്ഞും കണ്ണൂർ നഗരം വീർപ്പുമുട്ടുകയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസുകാരും ഏറെ പണിപ്പെട്ടു.
ക്ഷമ ചോദിച്ച് മേയർ
കണ്ണൂർ ദസറ സ്പോൺസർഷിപ്പിലാണ് സംഘടിപ്പിച്ചത്. ബുദ്ധിമുട്ടിൽ ജനങ്ങളോട് ക്ഷമ ചോദിക്കിുന്നു. തങ്ങളും ഇതല്ല പ്രതീക്ഷിച്ചത്. മൈസൂർ ദസറയിലും ഡ്രോൺ ഷോയ്ക്ക 15 മിനിട്ട് മാത്രമാണ് ദൈർഘ്യം, അവിടെ 3000 ഡ്രോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും, കണ്ണൂർ ദസറയ്ക്ക് വെറും 500 ഡ്രോൺ മാത്രമാണ് ഉപയോഗിച്ചത്.
കമന്റുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ
ഷോ കണ്ട യുവാക്കളും കാണികളും സോഷ്യൽ മീഡിയയിലൂടെ കോർപറേഷനെതിരെ രൂക്ഷമായ വിമർശനങ്ങളും, ട്രോളുകളുമാണ് ഉയർത്തിയത്. 'ഒരു ആന, ഒരു തെങ്ങ്, ഒരു താങ്ക്സ്, ഇന്ദിര ഡ്രോൺ ഷോ 3ഏ', 'ഒരു മിന്നായം പോലെ' തുടങ്ങി ഒട്ടേറെ പരിഹാസ കമന്റുകളാണ് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ നിറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |