SignIn
Kerala Kaumudi Online
Sunday, 25 October 2026 6.40 AM IST

പഴയങ്ങാടി പുതിയ പാലം പ്രവൃത്തിയ്ക്ക് വേഗം കൂട്ടും സ്ഥലം സന്ദർശിച്ച് എം.വിജിൻ

kuppam

പഴയങ്ങാടി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രൂപപ്പെട്ട സാങ്കേതിക തടസം നീക്കി പിലാത്തറ–പഴയങ്ങാടി–പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടിയിൽ കുപ്പം പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ടതിനെ തുടർന്നാണ് ഇവിടെ ജലനിരപ്പ് ഉയ‌ർന്ന് നിർമ്മാണത്തിൽ പ്രതിസന്ധി രൂപപ്പെട്ടത്. സ്ഥലം സന്ദർശിച്ച എം.വിജിൻ എം.എൽ.എ പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി.

പാലത്തിന്റെ 66 പൈലുകളുടെയും 10 പൈൽ ക്യാപ്പുകളിൽ എട്ടിന്റെയും പ്രവൃത്തി നേരത്തേ പൂർത്തിയാക്കിയിരുന്നു. സെന്റർ സ്പാനിന്റെ നിർമ്മാണം ആരംഭിക്കുന്നനിടെയാണ് പുഴയിലെ ജലനിരപ്പ് ഉയർന്ന് സാങ്കേതിക തടസ്സം നേരിട്ടത്. ഇതോടെ ടെൻഡർ പ്രകാരം നിർദേശിച്ച രീതിയിൽ സെന്റർ സ്പാനിന്റെ പ്രവൃത്തി നടത്താൻ കഴിയില്ലെന്ന് വിദഗ്ധർ അറിയിക്കുകയായിരുന്നു. ജലനിരപ്പ് ഉയർന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി പുഴയുടെ മദ്ധ്യത്തിൽ അധിക സ്റ്റേജിംഗ് സംവിധാനം ഒരുക്കണമെന്നാണ് വിദഗ്ദർ നിർദ്ദേശിച്ചത്. ഇതിനായി പുഴയുടെ ആഴം പരിശോധിക്കാനും തീരുമാനിച്ചു. അധിക സ്റ്റേജിംഗ് പ്രവൃത്തിക്ക് ഏകദേശം 1.20 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സർവേ നടത്തി വിദഗ്ധസംഘം

തൃശ്ശൂരിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറുടെയും കെ.ആർ.എഫ്. എൻജിനീയർമാരുടെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പുഴയിൽ സർവേ നടത്തി. പരിശോധനാ റിപ്പോർട്ട് കിട്ടിയാലുടൻ സെന്റർ സ്പാനിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകാതെയുമാണ് പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള നിർമ്മാണം പുരോഗമിക്കുന്നത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണ്- എം വിജിൻ

കെ.എസ്.ടി.പി റോഡിലെ സമാന്തര പാലം

പിലാത്തറ–പഴയങ്ങാടി–പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം. കിഫ്ബിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 18.51 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്.ഒൻപത് സ്പാനുകളിലായി 246.15 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിൽ ജലഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി 55.05 മീറ്റർ നീളത്തിലുള്ള സെന്റർ സ്പാനും വിഭാവനം ചെയ്തിട്ടുണ്ട്. പ്രീസ്‌ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ, സോളിഡ് സ്ലാബ് മാതൃകയിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉണ്ടാകും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയുള്ള അനുബന്ധ റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL