കൊല്ലം: കുളത്തുപ്പുഴ അരിപ്പ ഭൂസമരത്തിന് ഒടുവിൽ അധികൃതർ പരിഹാരം കണ്ടപ്പോൾ, അതിന്റെ കടുത്ത ദുരിതവും കണ്ണീരും പേറേണ്ടി വരുന്നത് ചെങ്ങറ പാക്കേജിൽ ഒരേക്കർ ഭൂമി ലഭിച്ച ആദിവാസി കുടുംബങ്ങളാണ്. അരിപ്പ സമരഭൂമിയിലെ റബ്ബർ മരങ്ങൾ മുറിച്ചുകടത്തിയ വൻകിട കച്ചവടക്കാരുടെ ഹിറ്റാച്ചിയും ട്രാക്ടറുകളും കയറി തകർന്ന റോഡ് ഇപ്പോൾ പൂർണ്ണമായും ചെളിക്കെട്ടായി മാറിയിരിക്കുകയാണ്. ഒരു ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന അവസ്ഥയിൽ, നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും കാടും എസ്റ്റേറ്റും താണ്ടി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ഇരുപത്തിയഞ്ചോളം ആദിവാസി കുടുംബങ്ങൾ.
രോഗിയെ ചുമന്നത് രണ്ട് കിലോമീറ്റർ
കഴിഞ്ഞ ദിവസം രാത്രിയിൽ കോളനിയിലെ വിമല എന്ന ആദിവാസി യുവതിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ ഉണ്ടായ ദുരനുഭവം ഈ ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നു. പാത പൂർണ്ണമായും തകർന്നതിനാൽ ഒരു വാഹനം പോലും കോളനിയിലേക്ക് എത്തിയില്ല. ഒടുവിൽ രണ്ട് കിലോമീറ്ററോളം ദൂരം ഈ രോഗിയെ ചുമന്നാണ് ബന്ധുക്കൾ പ്രധാന ഹൈവേയിൽ എത്തിച്ചതും അവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റിയതും. അടിയന്തര സാഹചര്യങ്ങളിൽ പോലും ഒരു വണ്ടി വിളിച്ചാൽ വരാത്ത അവസ്ഥയിൽ വലിയ ആശങ്കയോടെയാണ് കോളനിവാസികൾ കഴിയുന്നത്.
കാടും എസ്റ്റേറ്റും താണ്ടുന്ന ദുരിതയാത്ര
ഒരു സമരത്തിന് പരിഹാരം കണ്ടപ്പോൾ മറ്റൊരു വിഭാഗം ജനങ്ങളെ പൂർണമായും ദുരിതത്തിലാഴ്ത്തിയ അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ ഏക ആശ്രയമായ റോഡ് അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് സഞ്ചാരയോഗ്യമാക്കണം.
കോളനിവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |