ചാലക്കുടി: അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടുന്ന അതിരപ്പിള്ളി പഞ്ചായത്തിന്റെ ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ബി.എം.സി അതിരപ്പിള്ളി പഞ്ചായത്ത്, സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്്്, പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷൻ എന്നിവയുടെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയതാണ് ജവവൈവിദ്ധ്യ രജിസ്റ്റർ. പുതിയ പി.ബി.ആറിൽ 1,090 പുഷ്പിത സസ്യ ഇനങ്ങൾ, 57 പന്നൽചെടികൾ, 225 പായലുകൾ എന്നിവയടങ്ങുന്ന സസ്യ വൈവിദ്ധ്യവും 71 സസ്തിനികൾ , 241 പക്ഷികൾ , 33 ഉഭയജീവികൾ , 61 ഉരഗങ്ങൾ , 108 മത്സ്യ ഇനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പി.ബി.ആറിനെ അടിസ്ഥാനമാക്കി കർമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് അക്‌സസ്സ് ആൻഡ് ബെനഫിറ്റ് ഷെയറിംഗ്, വനാവകാശ നിയമം, ജൈവവൈവിദ്ധ്യ നിയമം എന്നിവയെ അടിസ്ഥാനമാക്കി വിശദമായ കർമപദ്ധതി ചർച്ച തുടർന്ന് നടന്നു. അതിരപ്പിള്ളിയുടെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനൊപ്പം സുസ്ഥിര ഉപയോഗത്തിലൂടെ പഞ്ചായത്തിനും ഗോത്ര ഗ്രാമസഭകൾക്കും പൊതുജനങ്ങൾക്കും ജൈവവൈവിദ്ധ്യ പരിപാലനത്തിൽ കൂടുതൽ വരുമാനം ലഭ്യമാക്കുന്ന സാദ്ധ്യതകളെ മാതൃക പദ്ധതിയുടെ കരട് എന്ന രൂപത്തിൽ ഡോ. കെ.എച്ച്.അമിതാബച്ചൻ അവതരിപ്പിച്ചു.
പഞ്ചായത്ത് ലൈബ്രറി ഹാളിൽ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ പി.ബി.ആർ. പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സതീഷ്‌കുമാർ അദ്ധ്യക്ഷനായി. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വാഴച്ചാൽ ഡി.എഫ്.ഒ: ഐ.എസ്.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ഡോ. സി.എസ്. വിമൽകുമാർ
തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |