
തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ അന്ധകാരനഴി ബീച്ച് അധികൃതരുടെ അവഗണനയും കെടുകാര്യസ്ഥതയും കാരണം നാശത്തിലേക്ക് കുപ്പുകുത്തുകയാണ്. ബീച്ചിന്റെ നടത്തിപ്പും പരിപാലന ചുമതലയും പട്ടണക്കാട് ഗ്രാമപഞ്ചായത്തിനാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അനധികൃത കൈയേറ്റം, അമിത പാർക്കിംഗ് ഫീസ്, ശുചിത്വമില്ലായ്മ എന്നിവ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
സുനാമിയിൽ വ്യാപക നാശമുണ്ടായ ബീച്ചിനെ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോടികൾ മുടക്കി നവീകരിക്കുകയും ടൂറിസം ഡെവലപ്മെന്റ് പ്രോജക്ട്സ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫ്ലൈഓവർ, ലേലഹാൾ, ടോയ്ലെറ്റുകൾ, നടപ്പാതകൾ, പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങി നിരവധി സൗകര്യങ്ങൾ സജ്ജമാക്കി ആകർഷകമാക്കിയിരുന്നു. വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്ന ബീച്ച്
ക്രമേണ, പരിപാലനമില്ലാതെ തകർന്നടിഞ്ഞു.
ആലപ്പുഴ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്ന അന്ധകാരനഴി ബീച്ച് ഇന്ന് അധികൃതരുടെ അനാസ്ഥയുടെ നേർസാക്ഷ്യമാണ്.സുരക്ഷിതമല്ലെന്ന കാരണത്താൽ കുടുംബങ്ങൾ ബീച്ച് സന്ദർശിക്കാൻ മടിക്കുന്നതായും നാട്ടുകാർ പറയുന്നു. ബീച്ച് വീണ്ടും സജീവമായാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ചെറുകിട വ്യാപാരികൾക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
നവീകരിച്ചിട്ടും നാശത്തിലേക്ക്
# കടലിലിറങ്ങാതെ അതിന്റെ ഭംഗി ആസ്വദിക്കാൻ നിർമ്മിച്ച ഫ്ലൈഓവറിന്റെ കൈവരികൾ തകർന്നുകിടക്കുകയാണ്. ബീച്ചും പരിസരവും കാടുകയറി. ടോയ്ലെറ്റുകൾ ഉപയോഗശൂന്യമായി. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച കെട്ടിടങ്ങളും ലേലഹാളും വർഷങ്ങളായി ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നു
# ബീച്ച് ഗ്രൗണ്ടിലും പരിസരത്തും അനധികൃത കൈയേറ്റം വ്യാപകമാണ്. പാർക്കിംഗ് ഗ്രൗണ്ടിന്റെ വലിയൊരു ഭാഗം നിലവിൽ ഇവരുടെ അധീനതയിലാണ്. ഇവ ഒഴിപ്പിക്കാനോ പാർക്കിംഗ് സൗകര്യം ക്രമപ്പെടുത്താനോ നടത്തിപ്പ് ചുമതലയുള്ള പഞ്ചായത്ത് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്
# കാറുകൾക്ക് 25 രൂപയും വലിയ വാഹനങ്ങൾക്ക് 50 മുതൽ 100 രൂപ വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.നടത്തിപ്പിനേക്കാൾ പാർക്കിംഗ് ഫീസ് പിരിക്കുന്നതിലാണ് പഞ്ചായത്തിന്റെ കൂടുതൽ ശ്രദ്ധ
# ബീച്ചിൽ ടൂറിസ്റ്റ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും രാവിലെ മുതൽ വൈകിട്ട് വരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം മാത്രമാണുള്ളത്. അതിനാൽ കൈയേറ്റങ്ങളും അനധികൃത പാർക്കിംഗ് പിരിവും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |