
കൊല്ലം: കേരളത്തിൽ ഇടത് -വലത് മുന്നണികൾക്ക് ബദലായി, രാഷ്ട്രീയ പൂർണതയുള്ള പാർട്ടിയായി ബി.ജെ.പി സമീപഭാവിയിൽ മാറുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറയ്ക്കൽ ഹാളിൽ സംഘടിപ്പിച്ച 'ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൻ അഭിയാൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഇന്ന് അണികളെ പിടിച്ചുനിറുത്താൻ പാടുപെടുകയാണ്. ആശയദാരിദ്ര്യം അണികളെ പാർട്ടികളിൽ നിന്ന് അകറ്റിയിരിക്കുന്നു. രാജ്യത്തുടനീളം ബി.ജെ.പി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പലരും ബി.ജെ.പിയിലേക്ക് വരാൻ സന്നദ്ധരായിരിക്കുകയാണ്.
കേരളത്തിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തകർ കഠിനമായി പരിശ്രമിക്കണം. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പൊതുസമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കണം. ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ പരിശ്രമം നിരന്തരം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സച്ചു പ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രഭാരി നെടുമ്പന ശിവൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ, മീഡിയ ജില്ലാ കൺവീനർ പ്രതിലാൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ് കുമാർ, ഗിരീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |