കൊട്ടാരക്കര: കച്ചേരിമുക്കിലെ പൊതു ഇടങ്ങളിൽ തലവേദനയായി പഴയ വാഹനങ്ങളും ഉന്തുവണ്ടികളും. യാതൊരു പ്രയോജനവുമില്ലാതെ നശിക്കുന്ന വാഹനങ്ങളും മറ്റു സാമഗ്രികളും നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാവുന്നില്ല.
ഗണപതി ക്ഷേത്രം റോഡിലേക്ക് ഇറങ്ങുന്നിടത്താണ് പൊതു ഇടം അപഹരിക്കുന്ന 'ആക്രി'സാമഗ്രികൾ. മുമ്പ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത് കച്ചേരിമുക്കിലാണ്. അന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണെന്ന നിഗമനത്തിലാണ് ആക്രിക്കാർ പോലും ഈ വാഹനങ്ങളിൽ തൊടാത്തത്. എന്നാൽ പൊലീസിന് ഇവയെപ്പറ്റി യാതൊരു അറിവുമില്ല. അതിനാൽ നഗരസഭ അധികൃതർ ഇടപെട്ടാൽ നീക്കം ചെയ്യാം. മിനി സിവിൽ സ്റ്റേഷൻ, വിദ്യാഭ്യാസ ഓഫീസുകൾ, ഗണപതി ക്ഷേത്രം, സ്പെഷ്യൽ കോടതി, ഡിവൈ.എസ്.പി ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ്, വിദ്യാലയങ്ങൾ, രണ്ട് ലൈബ്രറികൾ എന്നിവയെല്ലാമുള്ള ഭാഗമാണ് കച്ചേരിമുക്ക്. എപ്പോഴും ആൾത്തിരക്കുള്ള ഭാഗം. ഞായറാഴ്ചകളിലും ഒന്നാം തീയതിയടക്കം വിശേഷ ദിനങ്ങളിലും ഗണപതി ക്ഷേത്രത്തിൽ ഭക്തർ കൂടുതലായി എത്തുമ്പോൾ ഇവിടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെടും. ഇവിടെയാണ് റോഡിന്റെ നല്ലൊരു ഭാഗം അപഹരിക്കുംവിധം കാറുകളും പഴയ ഉന്തുവണ്ടിയുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിനോടു ചേർന്നാണ് ഓട്ടോ സ്റ്റാൻഡ്. ഓട്ടോറിക്ഷകൾ റോഡിലേക്ക് ഇറക്കിയിടേണ്ട സ്ഥിതിയുമുണ്ട്.
സാംസ്കാരിക ഇടം
ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട മണികണ്ഠൻ ആൽത്തറയും രാജഭരണത്തോടു ചേർന്നു നിൽക്കുന്ന മൂന്ന് വിളക്കും ഭരണഘടനാ സാക്ഷരതയുടെ ഭാഗമായ ഭരണഘടന ആമുഖ ശിലയുമൊക്കെ ഉൾപ്പെടുന്നതാണ് കച്ചേരി ജംഗ്ഷൻ ഗണപതി ക്ഷേത്ര റോഡിന്റെ ഭാഗങ്ങൾ. സി.പി.കെ.പി ലൈബ്രറിയും ഗാന്ധി- ലെനിൻ ലൈബ്രറിയും ഇവിടെയുണ്ട്. സാംസ്കാരിക- പൊതു പരിപാടികൾ നടക്കുന്നത് മണികണ്ഠൻ ആൽത്തറയ്ക്ക് മുന്നിലാണ്. ചന്തമുക്കിലെ പൊതുസ്ഥലം സാംസ്കാരിക സമുച്ചയ നിർമ്മാണത്തിനായി മാറിയപ്പോൾ ടൗണിൽ ആകെയുള്ള പൊതു സാംസ്കാരിക ഇടം കച്ചേരിമുക്കിലാണുള്ളത്. അവിടെയാണ് ആർക്കുംവേണ്ടാത്ത സാധനങ്ങൾ കൂടിക്കിടക്കുന്നത്.
നഗരസഭ അധികൃതർ അടിയന്തിരമായി ഇടപെട്ട് റോഡരികിൽ നിന്ന് ഇവ നീക്കണം. ഗതാഗതക്കുരുക്കിന് കാരണമായിട്ടും ഇടപെടൽ ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |