കൊല്ലം: അഷ്ടമുടി കായലിൽ വഴിമുട്ടി നിൽക്കുന്ന ലിങ്ക് റോഡ് കൊല്ലം - തേനി ദേശീയപാതയിലെ കടവൂർ പള്ളിക്കടുത്തേക്ക് നീട്ടുന്ന നാലാംഘട്ട നിർമ്മാണത്തിന് വൈകാതെ റീടെണ്ടർ ക്ഷണിക്കും. ലിങ്ക് റോഡ് നാലാംഘട്ട വികസന പദ്ധതിയിൽ തുടർ നടപടി സ്വീകരിക്കാൻ കിഫ്ബി, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിക്ക് നിർദേശം നൽകി.
നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ഫെബ്രുവരി 20നാണ് ലിങ്ക് റോഡ് നാലാംഘട്ട വികസനത്തിന് ടെണ്ടർ ക്ഷണിച്ചത്. ലഭിച്ചത് ഒരു ബിഡ് മാത്രമായതിനാൽ കരാർ ഉറപ്പിക്കലിലേക്ക് കടക്കാനായില്ല. അതിനിടയിൽ ഭരണമാറ്റം വന്നതോടെ വരുമാനമില്ലാത്ത പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കില്ലെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ പുരോഗമിക്കുന്നതും നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങിയതുമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ രേഖാമൂലമുള്ള നിർദേശം ലഭിക്കാത്തതിനാൽ ലിങ്ക് റോഡ് നാലാംഘട്ടത്തിന്റെ റീ ടെണ്ടർ കെ.ആർ.എഫ്.ബി നീട്ടുകയായിരുന്നു. അതിനിടയിലാണ് സർക്കാർ നിർദേശ പ്രകാരം തുടരേണ്ട പദ്ധതികളുടെ കൂട്ടത്തിൽ കിഫ്ബി ലിങ്ക് റോഡ് നാലാംഘട്ടം ഉൾപ്പെടുത്തിയത്.
റീ ടെണ്ടറിൽ ലഭിക്കുന്നത് ഒരു ബിഡ് മാത്രമായാലും സമയനഷ്ടവും നിർമ്മാണ ചെലവ് ഉയരുന്നതും കണക്കിലെടുത്ത് തുടർ നടപടികളിലേക്ക് നീങ്ങാം. ലഭിക്കുന്ന ബിഡുകളിലെ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനം അധികമല്ലെങ്കിൽ കരാർ ഉറപ്പിക്കാം. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി റീ ടെണ്ടർ ചെയ്യാനാണ് സാദ്ധ്യത.
തുടർ നടപടിക്ക് കിഫ്ബി
ഓലയിൽക്കടവിൽ നിന്ന് കടവൂർ പള്ളിക്കടുത്തേക്ക് 492 മീറ്റർ നീളമുള്ള പാലമാണ് ലിങ്ക് റോഡിന്റെ നാലാംഘട്ട വികസനം
കടവൂർ പള്ളിക്കടുത്ത് കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴയിലേക്ക് പാലം നിർമ്മിച്ച് ലിങ്ക് റോഡിനെ ദേശീയപാത 66മായി പിന്നീട് ബന്ധിപ്പിക്കും
ഇതോടെ കൊല്ലം നഗരത്തിൽ നിന്ന് ദേശീയപാതയിലേക്കുള്ള ബൈപ്പാസായി ലിങ്ക് റോഡ് മാറും
കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴ പാണമുക്കത്തേക്കുള്ള പാലത്തിന് ഏകദേശം 65 കോടിയോളം രൂപ ചെലവ്
രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി
ഓലയിൽക്കടവ്-കടവൂർ പള്ളിവരെ
492 മീറ്ററിൽ പാലം
എസ്റ്റിമേറ്റ് ₹ 73.97 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |