SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

മര്യാദ പഠിപ്പിക്കാൻ ഇനി പരിശീലനം

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് മൂക്കുകയർ

കോട്ടയം: അമിതവേഗവും മോശം പെരുമാറ്റവും മൂലം ആരോപണനിഴലിലായ സ്വകാര്യബസ് ജീവനക്കാരെ ചട്ടം പടിപ്പിക്കാൻ പൊലീസിറങ്ങും. ആദ്യഘട്ടത്തിൽ ഉടമകളും രണ്ടാംഘട്ടം പൊലീസും പരിശീലനം നൽകും. തുടർന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ജീവനക്കാർക്ക് നിർബന്ധമാക്കും.

അപകടകരമായ ഡ്രൈവിംഗ്, നിയമലംഘനങ്ങൾ, മോശം പെരുമാറ്റം എന്നിവ വർദ്ധിക്കുന്നത് തടയുകയാണ് ലക്ഷ്യം. കോട്ടയം ചന്തക്കവലയിലുണ്ടായ അപകടത്തോടെയാണ് പൊലീസ് ഉണർന്നത്. ഇതുസംബന്ധിച്ച നിർദേശം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിലവിലുള്ള ജീവനക്കാർക്കും പുതുതായി എത്തുന്നവർക്ക് പരിശീലനം നൽകാൻ ഉടമകൾക്ക് നിർദേശം നൽകി. തുടർന്ന് പൊലീസിന്റെയും പരിശീലനമുണ്ടാവും. പെരുമാറ്റം, ട്രാഫിക് നിയമം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം.

തിരിച്ചറിയൽ കാർഡ്

മുഴുവൻ സ്വകാര്യ ബസ് ജീവനക്കാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാനും ആലോചനയുണ്ട്. ഉടമകളുമായി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

പ്രശ്നക്കാർക്ക് പണിയാകും

സ്വകാര്യബസ് ജീവനക്കാരിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുള്ളവരുമുണ്ട്. പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ ജീവനക്കാരെ ഒരുപരിധിവരെ നിലയ്ക്കുനിർത്താമെന്നാണ് പ്രതീക്ഷ. കൃത്യമായ ഇടവേളകളിൽ സർട്ടിഫിക്കറ്റ് പുതുക്കാനും നിർദേശം നൽകും. ഡ്രൈവർമാർ മദ്യപിച്ചോയെന്നറിയാൻ ഇടയ്ക്കിടെ പരിശോധനയും നടത്തും.

പൊലീസ് ഇടപെടൽ

തിരക്കേറിയ സമയങ്ങളിൽചന്തക്കവലയിൽ പൊലീസ് സാന്നിദ്ധ്യം

ബസുകളിൽ പരിശോധന, അപകടമേഖലകളിൽ നിരീക്ഷണം

മോട്ടോർ വാഹനവകുപ്പും പരിശോധനകൾ കർശനമാക്കും

മൂന്ന് ഘട്ടങ്ങളിലായി സ്വകാര്യ ബസ് ജീവനക്കാരെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇനി അശ്രദ്ധയുടെ പേരിൽ അപകടമുണ്ടാവാതിരിക്കാൻ പൊലീസ് രംഗത്തുണ്ടാകും

കെ.എം.സാബു മാത്യു, ജില്ലാ പൊലീസ് മേധാവി

ഞങ്ങളെന്തു ചെയ്യും!

മേഖല ബുദ്ധിമുട്ടുമ്പോൾ സ്വഭാവ ദൂഷ്യമില്ലാത്ത ജീവനക്കാരെ കണ്ടെത്താൻ തങ്ങളെന്ത് ചെയ്യുമെന്നാണ് ബസ് ഉടമകൾ ചോദിക്കുന്നത്. 10 വർഷത്തിലേറെ ഈ രംഗത്ത് തുടരുന്ന ജീവനക്കാർ കുറവാണെന്നതും ഉടമകളെ വലയ്ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PRIVATEBUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL